കാനഡയിലെ പിആർ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി: ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകള്‍ റദ്ദാക്കി ഒന്റാറിയോ

രാജ്യത്തെ ഏറ്റവും ജനപ്രിയ കുടിയേറ്റ പദ്ധതികളിലൊന്നായ 'ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം' പൂർണ്ണമായി നിർത്തലാക്കി

4 min read|02 Jun 2026, 02:58 pm

ടൊറന്റോ: കാനഡയിൽ സ്ഥിരതാമസമാക്കാൻ (PR) ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഉദ്യോഗാർത്ഥികളെയും വിദ്യാർത്ഥികളെയും ആശങ്കയിലാഴ്ത്തിക്കൊണ്ട് രാജ്യത്തെ ഏറ്റവും ജനപ്രിയ കുടിയേറ്റ പദ്ധതികളിലൊന്നായ 'ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം' (OINP) പൂർണ്ണമായി നിർത്തലാക്കി. ഒന്റാറിയോ പ്രവിശ്യയിലെ നിലവിലുള്ള ഒൻപത് ഇമിഗ്രേഷൻ സ്ട്രീമുകളും ഔദ്യോഗികമായി അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു.

കാനഡയിലെ സാമ്പത്തിക കുടിയേറ്റ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ അപ്രതീക്ഷിത നടപടി. 2026 മെയ് 30 മുതൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. പകരം പുതിയ പ്രോഗ്രാമുകൾ കൊണ്ടുവരുമെന്ന് ഒന്റാറിയോ ഭരണകൂടം ഉറപ്പുനൽകുന്നുണ്ടെങ്കിലും, അതിന്റെ യോഗ്യതകളെക്കുറിച്ചോ അപേക്ഷകൾ എപ്പോൾ സ്വീകരിച്ചു തുടങ്ങുമെന്നതിനെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഒന്റാറിയോ ഭരണകൂടം ഔദ്യോഗികമായി നിർത്തലാക്കിയ ഒൻപത് പ്രധാന ഇമിഗ്രേഷൻ സ്ട്രീമുകളിൽ വിദേശ തൊഴിലാളികൾക്കായി ഉണ്ടായിരുന്ന ഫോറിൻ വർക്കർ സ്ട്രീം, വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്ന ഇന്റർനാഷണൽ സ്റ്റുഡന്റ് സ്ട്രീം, തൊഴിൽ വിപണിയിലെ പ്രത്യേക വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഇൻ-ഡിമാൻഡ് സ്കിൽസ് സ്ട്രീം എന്നിവ ഉൾപ്പെടുന്നു.

കൂടാതെ ഉന്നത വിദ്യാഭ്യാസം നേടിയവർക്കായുള്ള മാസ്റ്റേഴ്സ് ഗ്രാജുവേറ്റ് സ്ട്രീം, പിഎച്ച്ഡി ഗ്രാജുവേറ്റ് സ്ട്രീം എന്നിവയും ഇനിമുതൽ ലഭ്യമാകില്ല. ഇതുകൂടാതെ, യോഗ്യതയുള്ള പ്രൊഫഷണലുകളെ ആകർഷിച്ചിരുന്ന ഹ്യൂമൻ കാപ്പിറ്റൽ പ്രയോറിറ്റീസ് സ്ട്രീം , ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യമുള്ളവർക്കായുള്ള ഫ്രഞ്ച് സ്പീക്കിങ് സ്കിൽഡ് വർക്കർ സ്ട്രീം , സാങ്കേതിക മേഖലയിലെ വിദഗ്ധർക്കായുള്ള സ്കിൽഡ് ട്രേഡ്സ് സ്ട്രീം, സംരംഭകർക്കായുള്ള ഒന്റർപ്രണർ സ്ട്രീം എന്നിവയുമാണ് പൂർണ്ണമായും നിർത്തലാക്കിയ മറ്റ് സ്ട്രീമുകള്‍.

വർഷങ്ങളായി ഒന്റാറിയോയിലെ സർവ്വകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും കാനഡയിൽ സ്ഥിരതാമസത്തിനുള്ള പോയിന്റുകൾ വർദ്ധിപ്പിക്കാൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ വഴികളായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

കാനഡയിലേക്ക് കുടിയേറുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട ഇടമാണ് ഒന്റാറിയോ. ടൊറന്റോ, മിസിസാഗ, ബ്രാംപ്ടൺ, ഓട്ടവ തുടങ്ങിയ നഗരങ്ങളിലെ വലിയ സൗത്ത് ഏഷ്യൻ സമൂഹങ്ങളുടെ സാന്നിധ്യം തന്നെയാണ് ഇതിന് കാരണം. പഠനത്തിന് ശേഷം എളുപ്പത്തിൽ പിആർ നേടാം എന്നതുകൊണ്ടാണ് മുൻപ് പല ഇന്ത്യൻ വിദ്യാർത്ഥികളും ഒന്റാറിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ നിലവിലെ സ്ട്രീമുകൾ പെട്ടെന്ന് നിർത്തിയതോടെ പുതിയ അപേക്ഷകർ ഇനി അടുത്ത അറിയിപ്പ് വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

നിലവിലുള്ള അപേക്ഷകളുടെ അവസ്ഥ

2026 മെയ് 30-ന് മുൻപായി സമർപ്പിക്കപ്പെട്ട അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പഴയ നിയമപ്രകാരം തന്നെ ഇവ പരിശോധിച്ച് തീർപ്പാക്കും. കൂടാതെ, ജോബ് ഓഫർ അടിസ്ഥാനമാക്കിയുള്ള നിലവിലെ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റുകൾ (EOI) പൂളിൽ സജീവമായി തുടരുകയും പുതിയ രജിസ്ട്രേഷനുകൾ സ്വീകരിക്കുകയും ചെയ്യും.

കൂടാതെ മെയ് 30 മുതൽ രണ്ട് പ്രധാന മാറ്റങ്ങൾ കൂടി നിലവിൽ വന്നിട്ടുണ്ട്. ഇനിമുതൽ ഒഐഎൻപി ഡയറക്ടർക്ക് എല്ലാ കാറ്റഗറിയിലുമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ പ്രത്യേക ലക്ഷ്യങ്ങൾ വെച്ചോ (Targeted invitations) അപേക്ഷിക്കാനുള്ള ക്ഷണം നൽകാം. കൂടാതെ ജോബ് ഓഫർ ആവശ്യമുള്ള കാറ്റഗറിയിലുള്ളവർക്ക്, അവരുടെ തൊഴിലുടമ ഒഐഎൻപി ഡയറക്ടറുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇനി അപേക്ഷിക്കാൻ സാധിക്കൂ.

തൊഴിൽ വിപണിയിലെ ആവശ്യകത മുൻനിർത്തി കൂടുതൽ കർശനമായ മാനദണ്ഡങ്ങളോടെയായിരിക്കും പുതിയ ഇമിഗ്രേഷൻ സ്ട്രീമുകൾ വരികയെന്നാണ് സൂചന. അതിനാൽ കാനഡ പി.ആർ ലക്ഷ്യമിടുന്നവർ ഒന്റാറിയോ സർക്കാരിന്റെ പുതിയ അറിയിപ്പുകൾക്കായി ജാഗ്രതയോടെ കാത്തിരിക്കണമെന്നും, നിലവിലെ വർക്ക് പ്രെമിറ്റ് അല്ലെങ്കിൽ സ്റ്റഡി സ്റ്റാറ്റസ് കൃത്യമായി നിലനിർത്തണമെന്നും ഇമിഗ്രേഷൻ വിദഗ്ദ്ധർ ഉപദേശിക്കുന്നു.

Content Highlights: Ontario has cancelled nine immigration streams, dealing another setback to those seeking permanent residency in Canada. The move is expected to affect foreign workers, international graduates, and prospective immigrants who relied on these pathways as part of their plans to settle in the province.

To advertise here,contact us