ഇന്ത്യൻ ഓഹരി വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരതകൾക്കിടയിലും രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു. 2026 ഓഗസ്റ്റ് മാസത്തിൽ എസ്.ഐ.പി വഴിയുള്ള ആകെ നിക്ഷേപം 32,297 കോടി രൂപയെന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ എത്തിയിരിക്കുകയാണ്.
ജൂലൈ മാസത്തിൽ ഇത് 31,861 കോടി രൂപയായിരുന്നു. ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അസംസ്കൃത എണ്ണവില വർദ്ധനവും വിപണിയെ സ്വാധീനിച്ചെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലുള്ള ചെറുകിട നിക്ഷേപകരുടെ ശക്തമായ വിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിൽ വ്യക്തമാക്കുന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.
വിപണിയിലെ ഈ അനുകൂല തരംഗം നിക്ഷേപകരുടെ പങ്കാളിത്തത്തിലും വലിയ പ്രതിഫലനമുണ്ടാക്കി. ഓഗസ്റ്റ് മാസത്തിൽ മാത്രം പുതുതായി 66.39 ലക്ഷം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് ആരംഭിച്ചത്. അതേസമയം ചില കാരണങ്ങളാൽ 53.82 ലക്ഷം അക്കൗണ്ടുകൾ നിർത്തലാക്കപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ സജീവമായ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 10.62 കോടിയായി ഉയർന്നു.
മുൻമാസത്തെ അപേക്ഷിച്ച് ഇക്വിറ്റി അഥവാ ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തിൽ 19 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയുണ്ടായി. ഇത് ജൂലൈയിലെ 24,697 കോടി രൂപയിൽ നിന്നും ഓഗസ്റ്റിൽ 29,329 കോടി രൂപയായി വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.വിവിധ വിഭാഗങ്ങളിലെ മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം പരിശോധിക്കുമ്പോൾ, മിഡ്-കാപ് ഫണ്ടുകളിലാണ് ഏറ്റവും ഉയർന്ന നിക്ഷേപം വന്നത്. മുൻമാസത്തെ 6,192 കോടി രൂപയിൽ നിന്നും ഓഗസ്റ്റിൽ 6,989 കോടി രൂപയായി ഈ വിഭാഗത്തിലെ നിക്ഷേപം ഉയർന്നു. എന്നാൽ ലാർജ്-കാപ് ഫണ്ടുകളിൽ നിന്നും നിക്ഷേപം പിൻവലിക്കുന്ന പ്രവണത നേരിയ തോതിൽ തുടർന്നു; ഈ വിഭാഗത്തിൽ നിന്നും 1,147 കോടി രൂപയാണ് പിൻവലിക്കപ്പെട്ടത്.
മ്യൂച്വൽ ഫണ്ട് വ്യവസായ മേഖലയുടെ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ് അണ്ടർ മാനേജ്മന്റ് ) മുൻമാസത്തെ 85.76 ലക്ഷം കോടി രൂപയിൽ നിന്നും 87.07 ലക്ഷം കോടി രൂപയായി വളർന്നു. വിപണിയിലെ മൂല്യവർദ്ധനവും ഉയർന്ന നിക്ഷേപ നിരക്കുമാണ് ഈ വലിയ നേട്ടത്തിന് അടിത്തറയേകിയത്.
Content Highlights: Monthly mutual fund inflows via Systematic Investment Plans (SIPs) hit an all-time record of ₹32,297 crore in August 2026, defying market volatility and geopolitical tensions.Inflows into open-ended equity schemes surged 19% month-on-month to reach ₹29,329 crore (up from ₹24,697 crore in July).