രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം നാളെ (സെപ്റ്റംബർ 11) മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദേശീയ പണിമുടക്കും തൊട്ടുപിന്നാലെ വരുന്ന രണ്ടാം ശനിയും ഞായറും കാരണമാണ് ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുക.
ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ അനുവദിക്കുക, പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ തലത്തിൽ ബാങ്ക് യൂണിയനുകൾ ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11-ലെ പണിമുടക്കിന് ശേഷം, സെപ്റ്റംബർ 12, സെപ്റ്റംബർ 13 എന്നീ ദിവസങ്ങളിലും അവധിയായതിനാൽ ബാങ്കുകളുടെ നേരിട്ടുള്ള സേവനങ്ങൾ പൂർണ്ണമായും നിശ്ചലമാകും. വരും ദിവസങ്ങളിലും ബാങ്കിങ് മേഖലയിൽ വലിയ പ്രതിസന്ധിക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 28, 29, 30 തീയതികളിൽ വീണ്ടും പണിമുടക്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർ, ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകൾ തങ്ങളുടെ ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബാങ്ക് ശാഖകൾ വഴി നേരിട്ട് ചെയ്യേണ്ട പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, ചെക്ക് ക്ലിയറൻസ്, വായ്പാ നടപടികൾ, പുതിയ അക്കൗണ്ട് തുറക്കൽ, കെവൈസി പുതുക്കൽ തുടങ്ങിയ പ്രധാന സേവനങ്ങളെല്ലാം ഈ ദിവസങ്ങളിൽ തടസ്സപ്പെടും. ചെക്ക് ക്ലിയറിങ് പ്രക്രിയകൾ പൂർണ്ണമായും വൈകാൻ സാധ്യതയുള്ളതിനാൽ വലിയ തുകകളുടെ ഇടപാടുകൾ നടത്തേണ്ടവർ മുൻകൂട്ടി ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്.
ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങളെ ആശ്രയിക്കാവുന്നതാണ്. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യുപിഐ വഴിയുള്ള ഓൺലൈൻ പണമിടപാടുകൾ എന്നിവ സാധാരണ രീതിയിൽ തടസ്സമില്ലാതെ ലഭ്യമായിരിക്കും. രാജ്യത്തുടനീളമുള്ള എടിഎം സേവനങ്ങൾ ലഭ്യമാകുമെങ്കിലും, ബാങ്കുകൾ തുടർച്ചയായി അടഞ്ഞുകിടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ എടിഎമ്മുകളിൽ പണലഭ്യത കുറയാൻ സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യത്തിനുള്ള പണം ഉപഭോക്താക്കൾ നേരത്തെ തന്നെ പിൻവലിച്ചു സൂക്ഷിക്കുന്നത് നന്നായിരിക്കും.
Content Highlights:Public sector banks across India will face major disruptions starting tomorrow, September 11, 2026. The shutdown is due to a nationwide strike called by the UFBU on Friday, followed by the second Saturday and Sunday holidays.