വായ്പ എടുത്തിട്ടുണ്ടോ? പലിശയും ചാർജുകളും ഇനി കൂടുതൽ സുതാര്യമാകും, നിയമങ്ങളിൽ പുതിയ നീക്കവുമായി ആർബിഐ

അമ്പതിനായിരം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് വാർഷിക വായ്പച്ചെലവിന് പരിധി നിശ്ചയിക്കുന്നതാണ് പരിഗണനയിലുള്ളത്

വായ്പയുടെ പലിശ എത്രയെന്ന് മാത്രം നോക്കി തീരുമാനം എടുക്കുന്ന കാലം മാറുകയാണ്. വായ്പയ്ക്ക് ഈടാക്കുന്ന പലിശയ്ക്ക് പിന്നിലെ കണക്കും മറ്റ് ചെലവുകളും കൂടുതൽ സുതാര്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുകയാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പയുടെ അടിസ്ഥാന നിരക്കിന് മുകളിൽ ഈടാക്കുന്ന അധിക നിരക്കായ സ്പ്രെഡ് എങ്ങനെ നിശ്ചയിക്കണമെന്നും പിന്നീട് എങ്ങനെ മാറ്റാമെന്നും കൂടുതൽ വ്യക്തമായി വ്യക്തമാക്കുന്നതാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യം. നിലവിൽ വിവിധ വായ്പദാതാക്കൾ വ്യത്യസ്ത രീതികളിലാണ് സ്പ്രെഡ് നിശ്ചയിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ഒരേ തരത്തിലുള്ള വായ്പകളുടെ യഥാർഥ ചെലവ് തമ്മിൽ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുണ്ട്.

പ്രധാനമായും ഫ്ലോട്ടിങ് പലിശയുള്ള വ്യക്തിഗത വായ്പകൾക്കും ചെറുകിട സംരംഭങ്ങളുടെ വായ്പകൾക്കുമാണ് മാറ്റങ്ങൾ പ്രസക്തമാകുക. ഇത്തരം വായ്പകളിൽ റിപ്പോ നിരക്ക് പോലുള്ള ബാഹ്യ മാനദണ്ഡ നിരക്കിനൊപ്പം ബാങ്കിന്റെ സ്പ്രെഡും ചേരുന്നതാണ് അന്തിമ പലിശ. ഉദാഹരണത്തിന് അടിസ്ഥാന നിരക്ക് 5.25 ശതമാനവും സ്പ്രെഡ് 2 ശതമാനവുമാണെങ്കിൽ വായ്പയുടെ പലിശ 7.25 ശതമാനമായിരിക്കും. ഈ സ്പ്രെഡിൽ വായ്പയെടുക്കുന്നയാളുടെ തിരിച്ചടവ് അപകടസാധ്യതയ്ക്കുള്ള പ്രീമിയം കൂടാതെ പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളും ഉണ്ടാകാം. ഓരോ ഘടകവും എങ്ങനെ കണക്കാക്കുന്നുവെന്നും ഏത് വിഭാഗത്തിലുള്ള വായ്പയ്ക്ക് എത്ര പരിധിയിലാണ് സ്പ്രെഡ് ഈടാക്കുന്നതെന്നും വായ്പദാതാക്കളുടെ നയത്തിൽ വ്യക്തമാക്കണമെന്നാണ് നിർദേശം.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ നിർദേശങ്ങളിലൊന്ന് സ്പ്രെഡിലെ വായ്പാ അപകടസാധ്യതയുമായി നേരിട്ട് ബന്ധമില്ലാത്ത ഘടകങ്ങൾ മൂന്ന് വർഷത്തേക്ക് മാറ്റാൻ പാടില്ലെന്നതാണ്. അതേസമയം വായ്പയെടുത്തയാളുടെ ക്രെഡിറ്റ് രേഖയിലോ തിരിച്ചടവ് ശേഷിയിലോ കാര്യമായ മാറ്റമുണ്ടായാൽ ക്രെഡിറ്റ് റിസ്ക് പ്രീമിയത്തിൽ മാറ്റം വരുത്താൻ സാധിക്കും. ഇതോടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഒരു ഘട്ടത്തിൽ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത് പിന്നീട് സ്പ്രെഡ് ഉയർത്തുന്ന രീതികൾക്ക് നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്.

ഫ്ലോട്ടിങ് നിരക്കിലുള്ള വായ്പകളിൽ അടിസ്ഥാന നിരക്കിൽ മാറ്റമുണ്ടായാൽ അതിന്റെ പ്രതിഫലനം പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താവിന് കൈമാറണമെന്നും നിർദേശമുണ്ട്. പലിശനിരക്ക് കുറയുമ്പോൾ അതിന്റെ നേട്ടം വായ്പയെടുത്തയാളിലേക്ക് വൈകാതെ എത്തിക്കുകയാണ് ലക്ഷ്യം. എന്നാൽ കൃഷിവായ്പകൾക്കും ചില ചെറിയ സഹകരണ ബാങ്കുകൾക്കും അടിസ്ഥാനതലത്തിലുള്ള ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പ്രത്യേക വ്യവസ്ഥയിൽ ഇളവുണ്ടാകുമെന്ന് നിർദേശത്തിൽ പറയുന്നു.

ചെറിയ തുകയുടെ വ്യക്തിഗത വായ്പകൾക്കും നിർദേശത്തിൽ പ്രത്യേക ശ്രദ്ധയുണ്ട്. അമ്പതിനായിരം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് വാർഷിക വായ്പച്ചെലവിന് പരിധി നിശ്ചയിക്കുന്നതാണ് പരിഗണനയിലുള്ളത്. ഇവിടെ നോക്കുന്നത് പലിശ മാത്രം അല്ല. പലിശയ്ക്കൊപ്പം വായ്പയുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും ചാർജുകളും ഉൾപ്പെടുന്ന ആകെ വാർഷിക ചെലവാണ് പരിഗണിക്കുക. ഇതോടെ ബാങ്കിൽ നിന്നുള്ള വായ്പയും ഡിജിറ്റൽ വായ്പയും തമ്മിൽ യഥാർഥ ചെലവ് താരതമ്യം ചെയ്യുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പമാകും.

ബൈ നൗ പേ ലേറ്റർ സംവിധാനങ്ങൾക്കും നിർദേശങ്ങളിൽ പ്രധാന സ്ഥാനം ലഭിച്ചിട്ടുണ്ട്. ചില ഡിജിറ്റൽ വായ്പാ സംവിധാനങ്ങളിൽ ഒരു ചെറിയ വായ്പ തിരിച്ചടച്ച ഉടൻ അതേ പരിധിയിൽ വീണ്ടും വായ്പയെടുക്കാൻ കഴിയുന്ന രീതിയുണ്ട്. ഇത്തരത്തിലുള്ള തുടർച്ചയായി പുതുക്കുന്ന വായ്പാ സൗകര്യങ്ങൾ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് നിർദേശം. ക്രെഡിറ്റ് കാർഡ് നൽകാൻ അധികാരമുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രത്യേക ഇളവ്. പകരം ഇത്തരം വായ്പകളെ നിശ്ചിത കാലാവധിയുള്ള സാധാരണ വായ്പകളാക്കി മാറ്റേണ്ടിവരും.

വായ്പ തിരിച്ചടച്ച ദിവസത്തിന് ശേഷവും അനാവശ്യമായി പലിശ ഈടാക്കുന്ന രീതികൾ തടയുന്നതിനുള്ള വ്യവസ്ഥകളും ഇതോടൊപ്പം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം. ദിവസേന കുറയുന്ന കുടിശ്ശിക തുകയെ അടിസ്ഥാനമാക്കി പലിശ കണക്കാക്കുന്നതിലും കൃത്യമായ ഏകീകരണം കൊണ്ടുവരാൻ നിർദേശമുണ്ട്. ഇതോടെ വായ്പ നേരത്തെ തിരിച്ചടച്ചാൽ ഉപയോഗിച്ച കാലയളവിന് മാത്രമുള്ള പലിശയെന്ന ആശയം കൂടുതൽ വ്യക്തമായി നടപ്പാക്കാനാകും.

എന്നാൽ ഈ മാറ്റങ്ങൾ വന്നാൽ വായ്പകൾ സ്വാഭാവികമായി കുറഞ്ഞ പലിശയ്ക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. മൂന്ന് വർഷത്തേക്ക് സ്പ്രെഡ് എളുപ്പത്തിൽ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും തുടക്കത്തിൽ തന്നെ അപകടസാധ്യത കണക്കിലെടുത്ത് പലിശ നിശ്ചയിക്കാൻ സാധ്യതയുണ്ട്. ചില വായ്പകളിൽ പ്രോസസ്സിങ് ഫീസ് ഉയരുകയോ തുടക്കത്തിലെ പലിശ നിരക്ക് കുറച്ച് ആകർഷകമല്ലാതാകുകയോ ചെയ്യാനുള്ള സാധ്യതയും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് നിർദേശത്തിന്റെ പ്രധാന നേട്ടം വായ്പയുടെ വില നിർബന്ധമായും കുറയുന്നതിലല്ല. മറിച്ച് വായ്പയെടുക്കുന്നയാൾക്ക് ബാങ്കിന്റെയും ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെയും നിരക്കുകൾ ഒരേ രീതിയിൽ പരിശോധിക്കാനും പലിശയ്ക്ക് പിന്നിലെ ഘടകങ്ങൾ മനസിലാക്കാനും സാധിക്കുന്നതിലാണ്. നിർദേശങ്ങൾ നിലവിൽ കരട് ഘട്ടത്തിലാണ്. പലിശനിരക്കുമായി ബന്ധപ്പെട്ട കരടിന് സെപ്റ്റംബർ 11 വരെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ ചട്ടങ്ങളുമായി ബന്ധപ്പെട്ട കരടിന് ഓഗസ്റ്റ് 28 വരെയും അഭിപ്രായങ്ങൾ നൽകാം. നിർദേശങ്ങൾ അംഗീകരിച്ചാൽ പുതിയ ഏകീകൃത ചട്ടക്കൂട് 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനാണ് നിർദേശം.

Content Highlights: Have you taken a loan? New move in rules, RBI to make interest and charges transparent

To advertise here,contact us