യുദ്ധഭീതി വിപണിയെ പിടിച്ചുലച്ചു; സെൻസെക്സ് കൂപ്പുകുത്തി, നിഫ്റ്റി നിർണായക നിലയ്ക്ക് താഴെ

എഫ്എംസിജി, ഫാർമ, മെറ്റൽ മേഖലകൾ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുമെന്ന ആശങ്കയും ഇന്ത്യൻ ഓഹരി വിപണിയെ വീണ്ടും സമ്മർദ്ദത്തിലാക്കി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് ഏകദേശം 561പോയിന്റ് താഴ്ന്ന് 77,054.94 നിലവാരത്തിലും നിഫ്റ്റി 158 പോയിന്റ് നഷ്ടത്തിൽ 24,052.05 എന്ന നിലയിലും ക്ലോസ് ചെയ്തു. പ്രധാനമായും 3 കാരങ്ങളാണ് വിപണിയെ ഇടിവിലേക്ക് തള്ളിയിട്ടത്.

യുഎസ്–ഇറാൻ സംഘർഷം വീണ്ടും ആശങ്കയായി

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്നത് ആഗോള വിപണികളിൽ അനിശ്ചിതത്വം വർധിപ്പിച്ചു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ നീണ്ടാൽ എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭയമാണ് നിക്ഷേപകരെ ജാഗ്രതയിലാക്കിയത്.

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു

സംഘർഷ സാധ്യത വർധിച്ചതോടെ ആഗോള ക്രൂഡ് ഓയിൽ വിലയിൽ ശക്തമായ മുന്നേറ്റമുണ്ടായി. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണ ഇറക്കുമതിയിൽ വലിയ തോതിൽ ആശ്രയിക്കുന്നതിനാൽ, എണ്ണവില ഉയരുന്നത് പണപ്പെരുപ്പത്തിനും കമ്പനികളുടെ ചെലവിനും സമ്മർദ്ദം സൃഷ്ടിക്കുമെന്ന ആശങ്കയാണ് വിപണിയെ ബാധിച്ചത്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റം

ആഗോള തലത്തിലെ റിസ്ക് ഒഴിവാക്കൽ പ്രവണതയുടെ ഭാഗമായി വിദേശ നിക്ഷേപകരുടെ വിൽപ്പന സമ്മർദ്ദവും ഇന്ത്യൻ വിപണിയെ ബാധിച്ചു. ദുർബലമായ ആഗോള വിപണി സൂചനകളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.

ഏത് മേഖലകളാണ് കൂടുതൽ ബാധിച്ചത്?

ഇന്നത്തെ ഇടിവിൽ ഏറ്റവും അധികം സമ്മർദ്ദം പ്രകടമായത് ബാങ്കിങ് , ഫിനാൻഷ്യൽ ഓഹരികളിലാണ്. ഓട്ടോ മേഖലയിലും ഇടിവ് പ്രകടമായിരുന്നു. ഓഹരികളിൽ രണ്ടര ശതമാനം വരെ ഇടിവാണ് ഉണ്ടായത്. ഉയർന്ന എണ്ണവിലയും ഇൻപുട്ട് ചെലവും സംബന്ധിച്ച ആശങ്കകൾ മേഖലയെ ബാധിച്ചു.

ഐടി മേഖലയെ സംബന്ധിച്ചിടത്തോളം ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം ചില ഓഹരികൾ സമർദ്ദത്തിലായി. അതേസമയം എഫ്എംസിജി, ഫാർമ, മെറ്റൽ മേഖലകൾ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. വിപണിയുടെ അടുത്ത നീക്കം പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കും എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.

  • യുഎസ്–ഇറാൻ സംഘർഷത്തിന്റെ ദിശ
  • ക്രൂഡ് ഓയിൽ വിലയുടെ മുന്നേറ്റം
  • വിദേശ നിക്ഷേപകരുടെ വാങ്ങൽ–വിൽപ്പന നിലപാട്

എണ്ണവില ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഇന്ത്യയുടെ പണപ്പെരുപ്പത്തിലും കറന്റ് അക്കൗണ്ട് ബാലൻസിലും സമ്മർദ്ദം ഉണ്ടാകാം. അതിനാൽ വിപണിയിൽ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാനുള്ള സാധ്യതയുണ്ട് എന്ന മുന്നറിയിപ്പും വിദഗ്‌ദ്ധർ പങ്കുവെക്കുന്നു.

Content Highlights: Sensex settles 550 pts lower, Nifty ends near 24,050: US-Iran tensions among key factors behind market decline

To advertise here,contact us