കുതിപ്പ് ലക്ഷ്യം; രാജ്യത്ത് 500 പുതിയ സര്‍വീസ് പോയിന്റുകള്‍ കൂടി ആരംഭിക്കാന്‍ മാരുതി സുസുക്കി

2021ല്‍ കമ്പനിക്ക് 4,000 സര്‍വീസ് ടച്ച്പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഇത് 2024ല്‍ 5,000 ആയി ഉയര്‍ന്നു

രാജ്യത്തുടനീളം ഏകദേശം 500 പുതിയ സര്‍വീസ് പോയിന്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് മാരുതി സുസുക്കി ഇന്ത്യ. ഇന്ത്യയില്‍ കമ്പനി 6,000-ാമത് സര്‍വീസ് ടച്ച്പോയിന്റ് ഉദ്ഘാടനം ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിക്ക് വലിയ ലക്ഷ്യങ്ങളാണുള്ളതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി അറിയിച്ചു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി 502 പുതിയ സര്‍വീസ് ടച്ച്പോയിന്റുകളാണ് ആരംഭിച്ചത്. ഇതേ കാലയളവില്‍ 2.84 കോടി വാഹനങ്ങള്‍ക്ക് സേവനം നല്‍കിയതായും കമ്പനി അറിയിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്രയും വാഹനങ്ങള്‍ക്ക് സേവനം നല്‍കുന്നത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ഡീലര്‍ പങ്കാളികളുടെയും സര്‍വീസ് ടീമുകളുടെയും സഹകരണത്തോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,000 പുതിയ സര്‍വീസ് ടച്ച്പോയിന്റുകള്‍ ആരംഭിക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായി ടകേച്ചി പറഞ്ഞു. 2021ല്‍ കമ്പനിക്ക് 4,000 സര്‍വീസ് ടച്ച്പോയിന്റുകളാണ് ഉണ്ടായിരുന്നത്. ഇത് 2024ല്‍ 5,000 ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് 6,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

'2026-27 സാമ്പത്തിക വര്‍ഷത്തിലും രാജ്യത്തുടനീളം ഏകദേശം 500 പുതിയ സര്‍വീസ് ടച്ച്പോയിന്റുകള്‍ കൂടി ആരംഭിച്ച് സേവന ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്താനാണ് പദ്ധതിയെന്ന് ടകേച്ചി പറഞ്ഞു. ഓട്ടോമൊബൈല്‍ രംഗത്ത് മികച്ച വാഹനങ്ങള്‍ക്കൊപ്പം ഗുണമേന്മയുള്ളതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍വീസ് പിന്തുണയും നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കമ്പനി ഉപഭോക്തൃ അടിത്തറ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, കൂടുതല്‍ സൗകര്യപ്രദവും വിശ്വസനീയവുമായ സേവനം നല്‍കാന്‍ സര്‍വീസ് ശൃംഖലയും വ്യാപിപ്പിക്കുകയാണ്. 6,000-ാമത് സര്‍വീസ് ടച്ച്പോയിന്റിന്റെ ഉദ്ഘാടനം ആ പ്രതിബദ്ധതയുടെ തെളിവാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയിലെ 3,000ത്തിലധികം നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായി മാരുതി സുസുക്കിയുടെ സര്‍വീസ് ടച്ച്പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: Maruti Suzuki will expand its after-sales network by adding around 500 new service touchpoints across India in FY2026-27, building on its milestone of 6,000 service centres nationwide

To advertise here,contact us