ട്രംപ് ചതിച്ചാശാനേ; വിപണിയിൽ ചോരപ്പുഴ, നിക്ഷേപ സമ്പത്തിൽ നിന്നും ചോർന്നത് 10 ലക്ഷം കോടി

പശ്ചിമേഷ്യയിൽ സംഘർഷം ശക്തിപ്പെടുമെന്ന ആശങ്ക ഉയർന്നതോടെ ആഗോള വിപണികളിൽ റിസ്ക് എടുക്കാനുള്ള താൽപര്യം കുറഞ്ഞു

2 min read|08 Jul 2026, 05:38 pm

ആഭ്യന്തര വിപണിയിൽ വീണ്ടും ശക്തമായ തിരിച്ചടിയാണ് ഉണ്ടായത്. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ കനത്ത വില്പനാ സമ്മർദം നേരിട്ട ബെഞ്ച് മാർക്ക് സൂചികകൾ 2 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞ് അവസാന നിമിഷത്തിൽ കൂപ്പുകുത്തി. സെൻസെക്സ് 1700 പോയിന്റോളം ഇടിഞ്ഞ് 76,503.60 നിലവാരത്തിലും, നിഫ്റ്റി 516 പോയിന്റ് ഇടിഞ്ഞ് 23,882.05 നിവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു. കനത്ത ഇടിവോടെ 10 ലക്ഷം കോടി നിക്ഷേപ സമ്പത്തിൽ നിന്നും ഇല്ലാതായി. ആഗോള സാഹചര്യങ്ങളും വിദേശ നിക്ഷേപകരുടെ നീക്കങ്ങളും ചേർന്നാണ് വിപണിയെ വീണ്ടും സമ്മർദത്തിലാക്കിയത്.

വിപണി ഇടിയാൻ പ്രധാന കാരണം അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതാണ്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന് തിരികൊളുത്തിക്കൊണ്ട് വെടിനിർത്തൽ ധാരണയിൽ നിന്നും യു.എസ് പിന്മാറിയെന്ന വാർത്തയാണ് വിപണിയെ പിടിച്ചുലച്ചത്. പശ്ചിമേഷ്യയിൽ സംഘർഷം ശക്തിപ്പെടുമെന്ന ആശങ്ക ഉയർന്നതോടെ ആഗോള വിപണികളിൽ റിസ്ക് എടുക്കാനുള്ള താൽപര്യം കുറഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും പ്രകടമായി.

അസംസ്കൃത എണ്ണവിലയിലെ വർധനയും നിക്ഷേപകരെ ആശങ്കയിലാക്കി. ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്റെ വലിയൊരു പങ്ക് ഇറക്കുമതി ചെയ്യുന്നതിനാൽ എണ്ണവില ഉയരുന്നത് പണപ്പെരുപ്പത്തിനും കമ്പനികളുടെ ചെലവിനും തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് വിപണിയെ ബാധിച്ചത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ വിൽപ്പന സമ്മർദവും വിപണിയെ താഴേക്ക് വലിച്ചു. ആഗോള അനിശ്ചിതത്വം വർധിച്ചതോടെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറുന്ന പ്രവണത വിദേശ നിക്ഷേപകർക്കിടയിൽ ശക്തമായി.

ഐടി, ബാങ്കിങ് ,ധനകാര്യ, മെറ്റൽ മേഖലകളിലെ ഓഹരികളിലാണ് ഏറ്റവും കൂടുതൽ വിൽപ്പന സമ്മർദം അനുഭവപ്പെട്ടത്. പ്രധാന സൂചികകളിലെ ഹെവിവെയ്റ്റ് ഓഹരികൾ ഇടിഞ്ഞതോടെ സെൻസെക്സും നിഫ്റ്റിയും കൂടുതൽ നഷ്ടത്തിലേക്ക് വീണു.

അതേസമയം, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച് സ്വീകരിക്കാനിടയുള്ള നിലപാടും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പലിശനിരക്ക് ഉയർന്ന നിലയിൽ തുടർന്നാൽ ആഗോള മൂലധന പ്രവാഹത്തെ അത് ബാധിക്കുമെന്ന ആശങ്ക നിക്ഷേപകരിലുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇപ്പോഴത്തെ ഇടിവ് പ്രധാനമായും ആഗോള ഘടകങ്ങളുടെ സ്വാധീനമാണ്. പശ്ചിമേഷ്യയിലെ സംഘർഷം, എണ്ണവിലയിലെ ചാഞ്ചാട്ടം, വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ എന്നിവയാണ് അടുത്ത ദിവസങ്ങളിലും വിപണിയുടെ ദിശ നിർണയിക്കുക. അതിനാൽ ഹ്രസ്വകാലത്ത് വിപണിയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് വിലയിരുത്തൽ. ദീർഘകാല നിക്ഷേപകർ ഇത്തരം ചാഞ്ചാട്ടങ്ങളിൽ പരിഭ്രാന്തരാകാതെ അടിസ്ഥാന ഘടകങ്ങൾ ശക്തമായ കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വിപണി വിദഗ്ധരുടെ നിർദേശം.

Content Highlights: Closing Bell: Fresh US-Iran flare-up drags Nifty below 23,900; Sensex tanks 1,700 points

To advertise here,contact us