പ്രതിമാസം കുറച്ച് രൂപ SIP-യിൽ നിക്ഷേപിക്കുക,10 വർഷം തുടരണം, പിന്നെ സമ്പന്നനാകാം,പൊതുവെ മ്യൂച്വൽ ഫണ്ട് SIP-കളെക്കുറിച്ച് കേൾക്കുന്ന വാഗ്ദാനം ഇതാണ്. എന്നാൽ സമ്പത്ത് സൃഷ്ടിക്കൽ ശരിക്കും ഇത്ര ലളിതമാണോ? അതിന് പിന്നിൽ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്? ഇതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
10 വർഷത്തെ SIP ഒരു മാജിക് ഫോർമുലയല്ല
''10 വർഷം എസ്ഐപി ചെയ്താൽ ലാഭം ഉറപ്പാണ്" എന്ന ധാരണ യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്നില്ലെന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്. ഇക്വിറ്റി എസ്ഐപികളിൽ ദീർഘകാലം നിക്ഷേപം തുടരുന്നത് പോസിറ്റീവ് റിട്ടേൺ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുമെങ്കിലും, അത് സമ്പത്ത് ഉറപ്പാക്കുന്ന ഗ്യാരണ്ടിയല്ല. ഓഹരി വിപണി സാമ്പത്തിക കാര്യങ്ങൾ, ആഗോള സംഭവവികാസങ്ങൾ, നിക്ഷേപകരുടെ മനോഭാവം തുടങ്ങിയ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്.
SIP-യുടെ യഥാർത്ഥ ശക്തി എന്താണ്?
വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകളും, ഉയരുമ്പോൾ കുറവ് യൂണിറ്റുകളും വാങ്ങാൻ എസ്ഐപി സഹായിക്കുന്നു. ഇതിലൂടെ ശരാശരി വാങ്ങൽ വില കുറയും എന്നതാണ് യാഥാർഥ്യം. ഇതാണ് റുപ്പീ കോസ്റ്റ് ആവറേജിങ് എന്ന തത്വത്തിന്റെ അടിസ്ഥാന ഗുണം. അതിനാൽ എസ്ഐപിയുടെ വിജയം വിപണിയുടെ സമയം കൃത്യമായി കണ്ടെത്തുന്നതിലല്ല, മറിച്ച് വിപണിയിൽ തുടർന്നുനിൽക്കുന്നതിലാണ്.
ചരിത്രം പറയുന്നത് എന്ത്?
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, കോവിഡ് കാലത്തെ തകർച്ച, ഉയർന്ന പണപ്പെരുപ്പം, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ ഇന്ത്യൻ വിപണി നേരിട്ടിട്ടുണ്ട്. എന്നാൽ ദീർഘകാലത്തിൽ വിപണി തിരിച്ചുകയറിയിട്ടുണ്ട് എന്നത് കൂടി നിക്ഷേപകർ അറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ വിപണിയിലെ ഉയർച്ച-താഴ്ചകളിലൂടെ നിക്ഷേപം തുടരുന്ന നിക്ഷേപകർക്ക് ചരിത്രപരമായി നേട്ടമുണ്ടായിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിപണി തകർച്ചകൾ SIP-യ്ക്ക് ഗുണകരമാകുമോ?
അതെ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിപണി ഇടിയുമ്പോൾ എസ്ഐപി തുടർന്നാൽ കുറഞ്ഞ വിലയിൽ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കാൻ കഴിയും. പിന്നീട് വിപണി ഉയരുമ്പോൾ ഇത് ദീർഘകാല നേട്ടം വർധിപ്പിക്കുകയും ചെയ്യും. അതേസമയം, പല നിക്ഷേപകരും വിപണി ഇടിവ് സമയത്ത് എസ്ഐപി നിക്ഷേപം നിർത്തുകയോ പിൻവലിക്കുകയോ ചെയ്യുന്നു. ദീർഘകാല സമ്പത്ത് സൃഷ്ടിക്കലിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പലപ്പോഴും വിപണി അല്ല, നിക്ഷേപകരുടെ ഇത്തരം തീരുമാനങ്ങളാണ്.
10 വർഷം SIP ചെയ്താൽ സമ്പന്നനാകുമോ?
അച്ചടക്കത്തോടെ 10 വർഷം നിക്ഷേപം തുടരുന്നത് ഗണ്യമായ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കാം എന്നതിൽ തർക്കമില്ല. എന്നാൽ അതിന്റെ ഫലം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
ഇവയെല്ലാം തന്നെ സമ്പത്ത് നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.തെറ്റായ ഫണ്ട് തിരഞ്ഞെടുക്കുന്നത് വലിയ തിരിച്ചടിയാകാം എന്നതും ഓർക്കേണ്ടതുണ്ട്. എല്ലാ മ്യൂച്വൽ ഫണ്ടുകളും ഒരുപോലെ പ്രകടനം കാഴ്ചവെക്കില്ല.മോശം രീതിയിൽ കൈകാര്യം ചെയ്യുന്ന ഫണ്ടുകളിലോ ധാരാളം റിസ്കുള്ള തീമാറ്റിക് ഫണ്ടുകളിലോ നിക്ഷേപിച്ചാൽ, 10 വർഷം കഴിഞ്ഞിട്ടും പ്രതീക്ഷിച്ചതിലും കുറഞ്ഞ റിട്ടേൺ ലഭിക്കാനോ നഷ്ടം നേരിടാനോ സാധ്യതയുണ്ട്.
പലരും അവഗണിക്കുന്ന വില്ലൻ
നിങ്ങളുടെ എസ്ഐപി വളരുമ്പോഴും പണപ്പെരുപ്പം ക്രമേണ വാങ്ങൽശേഷി കുറയ്ക്കുന്നു. ഇത് തന്നെയാണ് പലപ്പോഴും വില്ലനായി മാറുന്നത്.10–12 ശതമാനം റിട്ടേൺ ലഭിച്ചാലും അതിന്റെ യഥാർത്ഥ മൂല്യം പണപ്പെരുപ്പം കുറച്ച ശേഷമേ വിലയിരുത്താനാകൂ. അതുകൊണ്ടാണ് ശമ്പളം വർധിക്കുന്നതിനനുസരിച്ച് എസ്ഐപിയിലേക്കുള്ള തുകയും വർധിപ്പിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നത്.
10 വർഷത്തെ എസ്ഐപി സമ്പന്നനാകാനുള്ള ഷോർട്ട്കട്ടല്ല. എന്നാൽ കോംപൗണ്ടിങ് തുക വളരാൻ ആവശ്യമായ സമയം അത് നൽകുന്നുണ്ട്. ശരിയായ ഫണ്ടുകൾ തിരഞ്ഞെടുക്കുകയും, വിപണി ഇടിവുകൾക്കിടയിലും നിക്ഷേപം തുടരുകയും ചെയ്യുന്നവർക്ക് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള സാധ്യത ഗണ്യമായി വർധിക്കും എന്നാണ് കണക്കുകൾ പറയുന്നത്.
Contnet Highlights:Can a 10-year SIP really make you rich? Here's the truth you need to know