ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ശക്തമായ വില്പനാ സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. തുടക്കത്തിൽ നേട്ടത്തോടെ മുന്നേറിയിരുന്ന സെൻസെക്സും നിഫ്റ്റിയും പിന്നീട് കുത്തനെ ഇടിഞ്ഞു. ദിവസത്തിലെ ഉയർന്ന നിലവാരത്തിൽ നിന്ന് സെൻസെക്സ് 500 പോയിന്റിലേറെയും,നിഫ്റ്റി അര ശതമാനം ഇടിവോടെ 23,382.60 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ച ആഭ്യന്തര-ആഗോള ഘടകങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വിദേശ നിക്ഷേപകരുടെ വിൽപ്പന
വിദേശ സ്ഥാപന നിക്ഷേപകർ (FII) തുടർച്ചയായി ഓഹരികൾ വിറ്റഴിക്കുന്നതാണ് വിപണിയെ സമ്മർദ്ദത്തിലാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഉയർന്നതോടെ വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറുകയാണ്. സ്വാഭാവികമായും ഇത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിച്ചു.
ക്രൂഡ് ഓയിൽ വില വർധന
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങൾക്ക് ആശങ്ക സൃഷ്ടിക്കുന്നത് തുടരുകയാണ്. ഇത് പണപ്പെരുപ്പ ഭീഷണി വർധിപ്പിക്കുകയും സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും വർധിക്കാനിടയായി.
ആഗോള വിപണികളിൽ നിന്നുള്ള ദുർബല സൂചനകൾ
ഏഷ്യൻ വിപണികളിലെ നഷ്ടവും അമേരിക്കൻ ഫ്യൂച്ചേഴ്സിലെ ദുർബലമായ പ്രകടനവും ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനും തടയിട്ടു.ആഗോള തലത്തിൽ റിസ്ക് ഒഴിവാക്കാനുള്ള പ്രവണത ശക്തമായതും വിപണിയെ താഴേക്ക് നയിച്ചു.
ലാഭമെടുപ്പ് (Profit Booking)
സമീപ ദിവസങ്ങളിലെ മുന്നേറ്റത്തിന് പിന്നാലെ നിരവധി നിക്ഷേപകർ ലാഭമെടുപ്പിന് തയ്യാറായി. പ്രത്യേകിച്ച് ബാങ്കിങ്, ഐടി, റിയൽറ്റി, ഫിനാൻഷ്യൽ ഓഹരികളിലാണ് വില്പനാ സമ്മർദ്ദം ശക്തമായി അനുഭവപ്പെട്ടത്.
ഭൗമരാഷ്ട്രീയ ആശങ്കകൾ
അമേരിക്ക-ഇറാൻ ബന്ധത്തിലെ സംഘർഷ സാധ്യതയും പശ്ചിമേഷ്യയിലെ അനിശ്ചിത സാഹചര്യങ്ങളും നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിച്ചു. ഇതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും പ്രകടമായി.
ഇനി എന്ത് ?
വിപണിയിൽ ഇപ്പോൾ ഉയർന്ന ചാഞ്ചാട്ടമാണ് നിലനിൽക്കുന്നത്. വിദേശ നിക്ഷേപകരുടെ നീക്കങ്ങൾ, ക്രൂഡ് ഓയിൽ വില, ആഗോള രാഷ്ട്രീയ സാഹചര്യം എന്നിവയാണ് അടുത്ത ദിവസങ്ങളിലെ വിപണി ദിശ നിർണയിക്കാൻ പോന്ന ഘടകങ്ങൾ. അതുകൊണ്ട് തന്നെ വിപണിയിൽ ജാഗ്രതാ സമീപനം തുടരേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധർ നിക്ഷേപകർക്ക് നൽകുന്ന നിർദേശം.
Content Highlights: Sensex crashes 1,000 pts from day's high, Nifty ends below 23,400: Five key reasons behind market decline