പണം എവിടെ നിക്ഷേപിച്ചാലാണ് സുരക്ഷിതമായിരിക്കുക എന്ന ചിന്തയിലാണോ നിങ്ങൾ? വിപണിയിലെ ഏറ്റക്കുറച്ചിലുകൾ പേടിക്കാതെ, കേന്ദ്ര സർക്കാരിന്റെ പൂർണ്ണ ഗ്യാരന്റിയോടെ സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്ക് എക്കാലത്തും മികച്ച ചോയ്സാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ. ആകർഷകമായ പലിശ നിരക്കുകൾക്കൊപ്പം മികച്ച നികുതി ഇളവുകളും നൽകുന്ന എട്ട് പോസ്റ്റ് ഓഫീസ് പദ്ധതികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സാധാരണക്കാർക്ക് മാസാവസനം ചെറിയ തുകകൾ മാറ്റിവെക്കാൻ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് (RD) സഹായിക്കും. 5 വർഷ കാലാവധിയുള്ള ഈ പദ്ധതിക്ക് 6.7 ശതമാനമാണ് പലിശ. കേവലം 100 രൂപ മുതൽ മാസം തോറും ആർ.ഡി ആരംഭിക്കാം. ഇതുകൂടാതെ സാധാരണ ബാങ്ക് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്ന പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 4 ശതമാനം പലിശയും ലഭിക്കും. കുറഞ്ഞത് 500 രൂപ നൽകി ഈ അക്കൗണ്ട് തുറക്കാവുന്നതാണ്.
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ഇതിലും മികച്ചൊരു പദ്ധതി വേറെയില്ല. നിലവിൽ 8.2 ശതമാനം എന്ന ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 1,000 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരമുള്ള നികുതി ഇളവുകളും ഇതിലൂടെ സ്വന്തമാക്കാം.
50 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ കാലം സുരക്ഷിതമാക്കാൻ പറ്റിയ സൂപ്പർ പദ്ധതിയാണിത്. സുകന്യ സമൃദ്ധിക്ക് ഒപ്പത്തിനൊപ്പം 8.2 ശതമാനം പലിശയാണ് ഇതിലും ലഭിക്കുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ വരുമാനമായി കൈകളിൽ കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. 5 വർഷ കാലാവധിയുള്ള ഈ പദ്ധതിയിൽ പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകും.
നിശ്ചിത വരുമാനം ആഗ്രഹിക്കുന്നവർക്കായി 5 വർഷത്തെ കാലാവധിയിൽ ലഭ്യമാകുന്ന പദ്ധതിയാണിത്. നിലവിൽ 7.7 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. പലിശ ആറുമാസം കൂടുമ്പോൾ കണക്കാക്കുമെങ്കിലും തുക കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ ലഭിക്കൂ. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്.
നിക്ഷേപിക്കുന്ന പണം കൃത്യമായി ഇരട്ടിയാക്കി തരുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. 7.5 ശതമാനം വാർഷിക കൂട്ടുപലിശ നൽകുന്ന ഈ പദ്ധതിയിലൂടെ നിങ്ങളുടെ നിക്ഷേപം ഏകദേശം 115 മാസങ്ങൾ (9 വർഷവും 7 മാസവും) കൊണ്ട് ഇരട്ടിയാകും. കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം, ആവശ്യമെങ്കിൽ 2.5 വർഷത്തിന് ശേഷം പണം പിൻവലിക്കാനുള്ള സൗകര്യവുമുണ്ട്.
ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് (FD) സമാനമായ പദ്ധതിയാണിത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലാവധിക്ക് അനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും. ഒരു വർഷത്തേക്ക് 6.9%, രണ്ട് വർഷത്തേക്ക് 7.0%, മൂന്ന് വർഷത്തേക്ക് 7.1%, അഞ്ച് വർഷത്തേക്ക് 7.5% എന്നിങ്ങനെയാണ് നിലവിലെ പലിശ നിരക്കുകൾ.
കയ്യിലുള്ള വലിയൊരു തുക ഒറ്റത്തവണയായി നിക്ഷേപിച്ച് മാസം തോറും കൃത്യമായൊരു വരുമാനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. 7.4 ശതമാനമാണ് വാർഷിക പലിശ നിരക്ക്. ഒരാൾക്ക് ഒറ്റയ്ക്ക് പരമാവധി 9 ലക്ഷം രൂപ വരെയും, ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ 15 ലക്ഷം രൂപ വരെയും ഇതിൽ നിക്ഷേപിക്കാൻ സാധിക്കും. 5 വർഷമാണ് പദ്ധതിയുടെ കാലാവധി.
ദീർഘകാല നിക്ഷേപങ്ങളിലെ രാജാവാണ് പി.പി.എഫ്. 15 വർഷത്തെ ലോക്ക്-ഇൻ കാലാവധിയുള്ള ഈ പദ്ധതിക്ക് നിലവിൽ 7.1 ശതമാനമാണ് പലിശ. ഒരു വർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്കും ലഭിക്കുന്ന പലിശയ്ക്കും കാലാവധി കഴിഞ്ഞ് കിട്ടുന്ന തുകയ്ക്കും പൂർണ്ണമായി നികുതി ഇളവ് (EEE ടാക്സ് ബെനഫിറ്റ്) ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.
Content Highlights: Post Office investment schemes remain popular for their safety, fixed returns, and tax benefits. Options such as PPF, NSC, Time Deposit, MIS, and Sukanya Samriddhi Yojana help investors build long-term savings while also offering income tax exemptions and stable returns backed by the government.