വിദേശയാത്ര പ്ലാൻ ചെയ്യുന്ന ഇന്ത്യക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ മുൻനിരയിലാണ് തായ്ലൻഡ്. മനോഹരമായ കാഴ്ചകൾക്കപ്പുറം ചെലവ് കുറവാണെന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. എന്നാൽ ഇനി ചെലവ് അൽപം കൂടുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തായ്ലൻഡ് സർക്കാർ വിനോദസഞ്ചാരികളിൽ നിന്ന് പ്രത്യേക പ്രവേശന ഫീസ് ഈടാക്കാൻ ഒരുങ്ങുകയാണ്. വിമാനമാർഗം എത്തുന്നവരും റോഡ്, കപ്പലിൽ എത്തുന്നവരും ഈ തുക നൽകേണ്ടി വരും.
ഫീസ് എത്രയാണ്?
വിമാനമാർഗം വരുന്നവർക്ക് ഏകദേശം 700-750 ഇന്ത്യൻ രൂപ കൂടുതൽ ചെലവാക്കേണ്ടി വരും. റോഡ് അല്ലെങ്കിൽ കപ്പൽ മാർഗം വരുന്നവർക്ക് ഏകദേശം 350-400 ഇന്ത്യൻ രൂപ കൂടുതൽ ആകും.
സഞ്ചാരികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ നൽകേണ്ട ഇൻഷുറൻസ് പരിരക്ഷക്കും , തായ്ലൻഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമാണ് ഈ തുക ഉപയോഗിക്കുക.
ഇന്ത്യക്കാർക്കും ബാധകം
നിലവിൽ ഇന്ത്യക്കാർക്ക് തായ്ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുവാദമുണ്ട്. എന്നാൽ ഈ സൗകര്യം ഉണ്ടെങ്കിലും പുതിയ പ്രവേശന ഫീസ് എല്ലാവരും നൽകേണ്ടി വരും. അതായത് വിസ ഫീസ് ഇല്ലെങ്കിലും ഈ നിശ്ചിത തുക അധികമായി കരുതണം. വരും മാസങ്ങളിൽ ഇവൈകാതെ ഫീസ് പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. സാധാരണയായി വിമാന ടിക്കറ്റിനൊപ്പം തന്നെ ഈ തുകയും ഈടാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
Content Highlights: Travelling to Thailand soon? Flyers may soon have to pay THB 300 entry fee