കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് വഴി നടപ്പിലാക്കുന്ന ഏറ്റവും സുരക്ഷിതമായ ഒരു സമ്പാദ്യ പദ്ധതി ആണ് കിസാൻ വികാസ് പത്ര. നിങ്ങൾ നിക്ഷേപിക്കുന്ന തുക കൃത്യമായ കാലയളവിനുള്ളിൽ ഇരട്ടിയായി തിരിച്ചു കിട്ടും എന്നതാണ് ഇതിന്റെ പ്രത്യേകത. 1988-ൽ കർഷകർക്കായി തുടങ്ങിയ പദ്ധതിയാണെങ്കിലും ഇപ്പോൾ ആർക്കും ഇതിൽ ചേരാം.
പണം ഇരട്ടിയാകും
ഈ പദ്ധതിയിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുക 115 മാസങ്ങൾ അതായത് 9 വർഷവും 5 മാസവും കൊണ്ട് ഇരട്ടിയാകും.നിലവിൽ 7.5% ആണ് പലിശ നിരക്ക്. ഇത് ഓരോ വർഷവും കൂട്ടുപലിശയായി കണക്കാക്കുന്നു.വെറും 1,000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. എത്ര രൂപ വേണമെങ്കിലും ഇതിൽ നിക്ഷേപിക്കാം, ഉയർന്ന പരിധിയില്ല. സർക്കാർ നേരിട്ട് നടത്തുന്ന പദ്ധതിയായതുകൊണ്ട് നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാണ്. വിപണിയിലെ മാറ്റങ്ങൾ ഇതിനെ ബാധിക്കില്ല.
നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നുണ്ടെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. 10 ലക്ഷം രൂപയിൽ കൂടുതലാണ് നിക്ഷേപമെങ്കിൽ വരുമാനം തെളിയിക്കുന്ന രേഖകളും, (ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ്) നൽകണം. അക്കൗണ്ട് ഉടമയുടെ തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ നൽകുന്നത് നിർബന്ധമാണ്.
ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടി വരും. ആദായനികുതി നിയമത്തിലെ 80C പ്രകാരമുള്ള ഇളവുകൾ ഇതിന് ലഭ്യമല്ല. നോമിനിയെ വെക്കാനുള്ള സൗകര്യവും, ആവശ്യമെങ്കിൽ അക്കൗണ്ട് ഒരാളുടെ പേരിൽ നിന്ന് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.
കിസാൻ വികാസ് പത്ര പദ്ധതിയിൽ ആർക്കൊക്കെ ചേരാം?
അപേക്ഷകൻ തീർച്ചയായും ഒരു ഇന്ത്യൻ പൗരനായിരിക്കണം.അപേക്ഷകന് 18 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം.പ്രായപൂർത്തിയാകാത്തവർക്കോ , മാനസികാരോഗ്യം ഇല്ലാത്തവർക്കോ വേണ്ടി ഒരു മുതിർന്ന വ്യക്തിക്ക് അപേക്ഷിക്കാവുന്നതാണ്.അവിഭക്ത ഹിന്ദു കുടുംബങ്ങൾക്കും , പ്രവാസികൾക്കും കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കാൻ അർഹതയുണ്ടായിരിക്കില്ല.
റിസ്ക് എടുക്കാൻ താൽപ്പര്യമില്ലാത്തവർക്കും, വൻതുക നിക്ഷേപിച്ച് അത് സുരക്ഷിതമായി ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ ഏറ്റവും മികച്ച പദ്ധതിയാണിത്.
Content Highlight: Kisan Vikas Patra (KVP): How to Double Your Money Safely; All You Need to Know