എന്താണ് ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി? പുതിയ തട്ടിപ്പോ? സത്യാവസ്ഥ അറിയാം

ഈ പോക്കറ്റ് മണി സേവനം തട്ടിപ്പാണെന്നും അതിന്റെ ഐക്കണില്‍ തൊട്ടാല്‍ പണം നഷ്ടമാകുമെന്നും അത് ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ സേവനം ലഭ്യമാക്കുന്നതിനായി പോക്കറ്റ് മണി ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കിടയില്‍ വ്യാപകമായി വ്യാജവാര്‍ത്തയും പ്രചരിക്കുന്നുണ്ട്. ഈ പോക്കറ്റ് മണി സേവനം തട്ടിപ്പാണെന്നും അതിന്റെ ഐക്കണില്‍ തൊട്ടാല്‍ പണം നഷ്ടമാകുമെന്നും അത് ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്.

എന്നാല്‍, ഈ സന്ദേശത്തിലെ ആരോപണത്തിന്റെ സത്യാവസ്ഥയെന്താണ്?എന്താണ് പോക്കറ്റ് മണി സേവനം?

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഐഡി ഇല്ലാത്തവര്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്തുന്നതിനായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഭീം പേമെന്റ് ആപ്പില്‍ 'യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍' എന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം അടിസ്ഥാനമാക്കി ഗൂഗിള്‍ പേ അവതരിപ്പിച്ച ഫീച്ചറാണ് പോക്കറ്റ് മണി. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇടപാട് നടത്താനാവുന്ന ഫീച്ചര്‍ ആണിത്. പ്രധാനമായും കുട്ടികള്‍ക്ക് അവരുടെ പഠന ചെലവുകള്‍ക്ക് ആവശ്യമായ പണം നല്‍കാനും ഇടപാടുകള്‍ നടത്താനും ഇതുവഴി സാധിക്കും. ബന്ധുക്കള്‍ക്കും വിശ്വസ്ഥര്‍ക്കുമെല്ലാം ഈ രീതിയില്‍ ഇടപാട് നടത്താനുള്ള അനുമതി നിങ്ങള്‍ക്ക് നല്‍കാനാവും. ഓരോ തവണയും പണം ചോദിക്കേണ്ടി വരുന്നത് ഇതുവഴി ഒഴിവാക്കാം.

ഈ പേമെന്റ് സേവനം ഉടന്‍ തന്നെ ഇന്ത്യയിലാകമാനം സ്വീകാര്യത നേടുമെന്നാണ് കരുതുന്നത്. നിലവില്‍ രാജ്യത്ത് ദൈനംദിന പണമിടപാട് ആവശ്യങ്ങള്‍ക്കായി കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ട്. പുതിയ സേവനം കൂടി വന്നതോടെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ പേയ്‌മെന്റ് ഉപയോഗിക്കാനാവും.

Content Highlights: Google Pay’s Pocket Money feature enables UPI without a bank account, but viral messages calling it a scam are false

To advertise here,contact us