റഷ്യ തങ്ങളുടെ ബജറ്റ് ആവശ്യങ്ങൾക്കായി കഴിഞ്ഞ ജനുവരിയിൽ മാത്രം മൂന്ന് ലക്ഷം ഔൺസ് സ്വർണം വിറ്റഴിച്ചിട്ടും സ്വർണ്ണവില കുറയുന്നതിന് പകരം റെക്കോർഡ് വേഗതയിൽ കൂടുകയാണ് ചെയ്തത്. സാധാരണഗതിയിൽ ഒരു രാജ്യം വൻതോതിൽ സ്വർണ്ണം വിറ്റഴിച്ചാൽ വിപണിയിൽ വില കുറയേണ്ടതാണ്. എന്നാൽ റഷ്യയുടെ കാര്യത്തിൽ ഇത് സംഭവിക്കുന്നില്ല. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5,000 ഡോളന് മുകളിൽ വന്നെങ്കിലും മാർച്ച് മാസത്തിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. പക്ഷെ സ്വർണ വില ഇനിയും കൂടുമെന്നാണ് റേറ്റിംഗ് ഏജൻസികളുടെ അടക്കം റിസർച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യ സ്വർണ്ണം വിൽക്കുമ്പോൾ അത് വാങ്ങാൻ ചൈന, ഇന്ത്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകൾ തയ്യാറായി നിൽക്കുകയാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ സമ്പാദ്യം ഡോളറിൽ നിന്ന് സ്വർണ്ണത്തിലേക്ക് മാറ്റുന്ന കാലഘട്ടമാണിത്. അതിനാൽ റഷ്യ വിൽക്കുന്ന സ്വർണ്ണം വിപണിയിൽ മറ്റുള്ളവർ വാങ്ങിയെടുക്കും.
റഷ്യൻ സ്വർണ്ണത്തിന് മേൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കർശനമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ലണ്ടൻ പോലുള്ള വലിയ വിപണികളിൽ റഷ്യക്ക് നേരിട്ട് സ്വർണ്ണം വിൽക്കാൻ കഴിയില്ല. പകരം അവർ രഹസ്യമായോ അല്ലെങ്കിൽ സൗഹൃദ രാജ്യങ്ങൾക്കോ ആണ് വിൽക്കുന്നത്. ഇത് പൊതുവിപണിയിലെ വിലയെ പെട്ടെന്ന് ബാധിക്കില്ല.
ലോകത്ത് യുദ്ധങ്ങളോ സാമ്പത്തിക അസ്ഥിരതയോ ഉണ്ടാകുമ്പോൾ ആളുകൾ ഏറ്റവും സുരക്ഷിതമായി കരുതുന്നത് സ്വർണ്ണത്തെയാണ്. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധിയും മറ്റും കാരണം സ്വർണ്ണത്തിന് വൻ ഡിമാൻഡാണ്. ഈ ഡിമാൻഡ് നിലനിൽക്കുന്നിടത്തോളം കാലം റഷ്യയുടെ വിൽപ്പന കൊണ്ട് മാത്രം വില കുത്തനെ താഴില്ല.
റഷ്യ സ്വർണ്ണം വിൽക്കുന്നത് വിപണിയിൽ ചെറിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.എങ്കിലും രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറയുന്നതിനേക്കാൾ, വരും മാസങ്ങളിൽ വില കൂടാനോ അല്ലെങ്കിൽ വലിയ മാറ്റമില്ലാതെ തുടരാനോ ആണ് സാധ്യത.
2026-ൽ സ്വർണ്ണവില ഒരു ഔൺസിന് 5,000 ഡോളർ കടന്ന സാഹചര്യത്തിൽ, റഷ്യയുടെ വിൽപ്പന വിപണിയിലെ ഒരു ചെറിയ ക്രമീകരണം മാത്രമായിട്ടാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.
Content Highlight: Gold Price Rising Despite Russia Selling Gold