ഇന്നത്തെ കാലത്തെ ചെറുപ്പക്കാർ പണം കൈകാര്യം ചെയ്യുന്ന രീതി പഴയ തലമുറയിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. പഴയ തലമുറ പണം ബാങ്ക് ലോക്കറിലോ സ്ഥിര നിക്ഷേപമായോ സൂക്ഷിക്കാൻ താൽപര്യപ്പെട്ടപ്പോൾ, പുതിയ തലമുറയുടെ രീതികൾ ഡിജിറ്റലാണ്. പഴയ തലമുറയും പുതിയ തലമുറയും പണം കൈകാര്യം ചെയ്യുന്ന രീതിയിലുള്ള മാറ്റം വളരെ കൗതുകകരമാണ്. ഇത് കേവലം സാങ്കേതികവിദ്യയുടെ മാറ്റം മാത്രമല്ല, മറിച്ച് മനോഭാവത്തിലുള്ള മാറ്റം കൂടിയാണ്. ഇതിനെ ലളിതമായി 'ജെൻ-സീ സാമ്പത്തിക ശീലങ്ങൾ' എന്ന് വിളിക്കാം.
സമ്പാദ്യം - നിക്ഷേപം
പഴയ തലമുറയുടെ പ്രധാന ലക്ഷ്യം പണം സുരക്ഷിതമായി ഒരിടത്ത് ഇരിക്കണം എന്നതായിരുന്നു. പണം ബാങ്ക് ലോക്കറിലോ, സ്വർണമായോ, അല്ലെങ്കിൽ ബാങ്കിലെ ഫിക്സഡ് ഡിപ്പോസിറ്റിലോ ഇട്ടാൽ അവർക്ക് സമാധാനമാണ്. പണം പോകാതെ സൂക്ഷിക്കുക എന്ന കാര്യത്തിനാണ് പഴയ തലമുറ പ്രാധാന്യം നൽകിയത്. പണം വെറുതെ ഇരുന്നാൽ അതിന്റെ മൂല്യം കുറയുമെന്ന് ജെൻ-സീകൾക്കറിയാം. അതിനാൽ, പണം വളർത്താനാണ് ഇവർ ശ്രമിക്കുന്നത്. ബാങ്ക് പലിശയെക്കാൾ കൂടുതൽ ലാഭം കിട്ടുന്ന മ്യൂച്വൽ ഫണ്ടുകളിലേക്കും ഓഹരി വിപണിയിലേക്കും ഇവർ പണം തിരിച്ചുവിടുന്നു.
ഫിസിക്കൽ - ഡിജിറ്റൽ
സമ്പാദ്യം എന്നത് കണ്ണിൽ കാണുന്ന ഒന്നായിരിക്കണം എന്നാണ് പഴയ തലമുറയുടെ ആഗ്രഹം. സ്വർണാഭരണങ്ങൾ, വസ്തുവകകൾ , ബാങ്ക് പാസ്ബുക്കിൽ എത്ര തുക ബാങ്കിൽ ഉണ്ടെന്നു കാണുന്നത് എല്ലാം അവർക്ക് വലിയ ആത്മവിശ്വാസം നൽകി. പുതിയ തലമുറക്ക് എല്ലാം വിരൽത്തുമ്പിൽ വേണം. കൈയിൽ സ്വർണം വെക്കുന്നതിനേക്കാൾ ഇവർക്ക് ഇഷ്ടം ഡിജിറ്റൽ ഗോൾഡ് അല്ലെങ്കിൽ സോവറിൻ ഗോൾഡ് ബോണ്ട് ആണ്. ബാങ്കിൽ പോയി വരി നിൽക്കുന്നതിന് പകരം ഫോണിലെ ആപ്പുകൾ വഴി നിമിഷങ്ങൾക്കുള്ളിൽ അവർ ഇടപാടുകൾ നടത്തുന്നു. പേപ്പർ രേഖകളേക്കാൾ ഡിജിറ്റൽ സ്റ്റേറ്റ്മെന്റുകളെയാണ് ഇവർ വിശ്വസിക്കുന്നത്.
റിസ്ക് എടുക്കാനുള്ള മനസ്സ്
പഴയ തലമുറക്ക് റിസ്ക് എടുക്കാൻ വളരെ പേടിയായിരുന്നു. പലിശ കുറവാണെങ്കിലും പണം സുരക്ഷിതമായിരിക്കണം എന്നതായിരുന്നു വാശി. അതുകൊണ്ടുതന്നെ സർക്കാർ സ്കീമുകളിലും സ്ഥിര നിക്ഷേപങ്ങളിലും അവർ ഉറച്ചുനിന്നു. പുതിയ തലമുറ കൂടുതൽ ലാഭം കിട്ടാൻ ചെറിയ രീതിയിലുള്ള റിസ്ക് എടുക്കാൻ തയ്യാറാണ്. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളെ അവർ ഭീതിയോടെയല്ല, മറിച്ച് അവസരമായാണ് കാണുന്നത്. മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക പോലും ഇവർ ഓഹരികളിൽ നിക്ഷേപിക്കുന്നു.
ലക്ഷ്യങ്ങളിലെ മാറ്റം
പഴയ തലമുറക്ക് മക്കളുടെ വിവാഹം, വീട് നിർമാണം,വിരമിക്കൽ ജീവിതം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി പതിറ്റാണ്ടുകളോളം അവർ പണം കരുതിവെച്ചു. പുതിയ തലമുറയുടെ ലക്ഷ്യങ്ങൾ കുറച്ചുകൂടി ചെറുതും പെട്ടെന്നുള്ളതുമാണ്. ഒരു വിദേശ യാത്ര, പുതിയ ഗാഡ്ജെറ്റുകൾ വാങ്ങുക, അല്ലെങ്കിൽ ജോലിയിൽനിന്ന് നേരത്തെ വിരമിക്കുക തുടങ്ങിയവക്കാണ് ഇവർ മുൻഗണന നൽകുന്നത്.
ജീവിതം ഒന്നേയുള്ളൂ
പഴയ തലമുറ 'ഭാവിക്കു വേണ്ടി' കരുതിവെച്ചപ്പോൾ, പുതിയ തലമുറ 'പണത്തെക്കൊണ്ട് പണിയെടുപ്പിക്കാൻ' പഠിച്ചു. ഡിജിറ്റൽ വിപ്ലവം വന്നതോടെ പണം നിക്ഷേപിക്കുന്നത് മൊബൈൽ ഗെയിം കളിക്കുന്നത് പോലെ എളുപ്പമായതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ഒരു ജോലികൊണ്ട് മാത്രം ജീവിക്കാൻ ഇവർ ആഗ്രഹിക്കുന്നില്ല. യൂട്യൂബ് ചാനൽ, ഫ്രീലാൻസ് ജോലികൾ, ഓൺലൈൻ ബിസിനസ് തുടങ്ങി ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ ഇവർ മിടുക്കരാണ്.ബാങ്ക് മാനേജരോടോ മുതിർന്നവരോടോ ചോദിക്കുന്നതിന് പകരം ഇൻസ്റ്റഗ്രാമിലെയും യുട്യൂബിലെയും 'ഫിനാൻസ് ഇൻഫ്ലുവൻസർമാരെ' നോക്കിയാണ് ഇവർ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്. ഇത് നല്ലതാണെങ്കിലും ചിലപ്പോൾ ചതിക്കുഴികളിലും ചെന്ന് ചാടാം.
വീടോ കാറോ വാങ്ങുന്നതിനേക്കാൾ ഇവർ മുൻഗണന നൽകുന്നത് യാത്രകൾക്കും നല്ല ഭക്ഷണത്തിനും വിനോദങ്ങൾക്കുമാണ്. ഒരിക്കലേ ജീവിതമുള്ളൂ എന്ന ചിന്താഗതി ഇവരുടെ ചെലവുകളെ സ്വാധീനിക്കുന്നു. ജെൻ-സീ സാമ്പത്തിക കാര്യങ്ങളിൽ വളരെ അറിവുള്ളവരാണ്. പക്ഷേ വേഗത്തിൽ പണമുണ്ടാക്കാനുള്ള ആഗ്രഹം അവരെ ചിലപ്പോൾ വലിയ റിസ്ക്കുകളിൽ എത്തിക്കാറുണ്ട്. എങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ച് പണം വളർത്താൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. എന്നാൽ പഴയ തലമുറക്ക് ജെൻ-സീയുടെ പല കാര്യങ്ങളും അത്ര പിടിക്കാറില്ല.
Content Highlights: How Fintech Apps Are Reshaping Gen Z’s Relationship with Money