ന്യൂഡൽഹി; നമ്മൾ കുട്ടികൾക്ക് കൊടുക്കുന്ന ബിസ്കറ്റിൽ കാലിത്തീറ്റയുടെ തവിട്, വീട്ടിൽ വിശ്വാസത്തോടെ വാങ്ങുന്ന പാലിൽ ഡിറ്റർജെന്റ്,കേൾക്കുമ്പോൾ ഞെട്ടലുണ്ടാക്കുന്ന ഈ കണ്ടെത്തലുകൾക്ക് പിന്നാലെ മൂന്ന് കമ്പനികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).
പ്രിയഗോൾഡ് ബിസ്കറ്റ് നിർമാതാക്കളായ സൂര്യ ഫുഡ് ആൻഡ് അഗ്രോ, ദൊഡ്ല ഡെയറി, UEIR ഓർഗാനിക് ഫുഡ്സ് എന്നീ മൂന്ന് കമ്പനികൾക്കെതിരെയാണ് വിവിധ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഓരോ സ്ഥാപനത്തിലും കണ്ടെത്തിയ വീഴ്ചകളുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയും നിർമാണ-വിതരണ ഘട്ടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും എത്രത്തോളം പ്രധാനമാണെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു.
പ്രിയഗോൾഡ് ബിസ്കറ്റുകൾ നിർമിക്കുന്ന സൂര്യ ഫുഡ് ആൻഡ് അഗ്രോ കമ്പനിക്കെതിരെയാണ് പ്രധാന നടപടി. ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ, ഭക്ഷ്യയോഗ്യമല്ലാത്ത കാലിത്തീറ്റയ്ക്കുള്ള തവിട് ബിസ്കറ്റ് നിർമാണത്തിൽ ഫൈബറിന്റെ ഉറവിടമായി ഉപയോഗിച്ചതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. തവിട് സൂക്ഷിച്ചിരുന്ന ചാക്കുകളിൽ കാലിത്തീറ്റയ്ക്കുള്ളതാണെന്ന അടയാളങ്ങളും ഉണ്ടായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു.
ഫാക്ടറിയിലെ ശുചിത്വം, കീടനിയന്ത്രണം, അസംസ്കൃത വസ്തുക്കളുടെ സംഭരണം, തൊഴിലാളികളുടെ വ്യക്തിശുചിത്വം തുടങ്ങിയ മേഖലകളിലും വീഴ്ചകൾ കണ്ടെത്തി. ഇതേത്തുടർന്ന് കമ്പനിയുടെ FSSAI ലൈസൻസ് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനു പുറമെ ദൊഡ്ല ഡെയറിയുടെ ഫുൾ ക്രീം പാലിന്റെ സാമ്പിളിലാണ് ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയത്. നിശ്ചിത മാനദണ്ഡപ്രകാരമുള്ള പാലിലെ കൊഴുപ്പിന്റെ അളവ് പാലിക്കാത്തതിനാൽ സാമ്പിൾ നിലവാരമില്ലാത്തതാണെന്ന് ആദ്യം കണ്ടെത്തി.
തുടർന്ന് അപ്പീലിന്റെ ഭാഗമായി റഫറൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളിൽ ഡിറ്റർജന്റ്/കാസ്റ്റിക് സോഡയുടെ സാന്നിധ്യമുണ്ടെന്നും പാലിലെ കൊഴുപ്പിന്റെ അളവ് നിർദിഷ്ട പരിധിയിലും താഴെയാണെന്നും സ്ഥിരീകരിച്ചതായി FSSAI അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ നടപടികൾ ആരംഭിച്ചത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് UEIR ഓർഗാനിക് ഫുഡ്സ് വിൽപ്പന നടത്തിയ മഞ്ഞ ഉണക്കമുന്തിരിയുടെ സാമ്പിളിലും കീടനാശിനി അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് സ്ഥാപനത്തിനെതിരെയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബിസ്കറ്റ്, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വീഴ്ചകൾക്കു പിന്നാലെയാണ് ഉണക്കമുന്തിരിയുടെ സാമ്പിളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്.
അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം മുതൽ ഉൽപ്പാദനം, സംഭരണം, വിതരണം എന്നിവ വരെയുള്ള ഓരോ ഘട്ടത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവങ്ങൾ വീണ്ടും ഉയർത്തിക്കാട്ടുന്നു.
Content Highlights: Cattle-Feed Bran In Priyagold Biscuits! Detergent In Dodla Milk? FSSAI Initiates Prosecution Against 3 Companies