സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനയോടെ 1,12,520 രൂപയും, ഒരു ഗ്രാമിന് 25 രൂപയുടെ മുന്നേറ്റത്തോടെ 1,4065 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ മാറ്റത്തിന് കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും തുടർന്ന് പ്രധാന ചരക്ക് പാതയായ ഹോർമൂസ് കടലിടുക്ക് ഗതാഗതം തടസപ്പെടുമെന്ന ആശങ്കയുമാണ് ക്രൂഡിനെയും സ്വർണ വിലയെയും സ്വാധീനിക്കുന്നത്.
കൂടാതെ രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും വില സ്വാധീനിക്കുന്ന കാര്യങ്ങളാണ്. നിലവിൽ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4,300 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കേരളത്തിൽ സ്വർണം സർവകാല ഉയരത്തിൽ എത്തിയത് ഈ വർഷം ജനുവരി 29നാണ്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു നിരക്ക്. ഒരു പവൻ ആഭരണം വാങ്ങുമ്പോൾ സ്വർണവില മാത്രം കണക്കാക്കിയാൽ പോരാ. 1,12,520 രൂപയുടെ എട്ട് ഗ്രാം സ്വർണത്തിന് 10 ശതമാനം മേക്കിങ് ചാർജ് കണക്കാക്കിയാൽ 11,252 രൂപ കൂടി വരും.
ഇതോടെ സ്വർണവിലയും മേക്കിങ് ചാർജും ചേർന്ന് 1,23,772 രൂപയാകും. ഇതിന് 3 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോൾ ഏകദേശം 1,27,485 രൂപ നൽകേണ്ടിവരും.എന്നാൽ മേക്കിങ് ചാർജ് ജ്വല്ലറി, ആഭരണത്തിന്റെ ഡിസൈൻ, നിർമാണരീതി എന്നിവ അനുസരിച്ച് മാറും.
അതിനാൽ ഒരേ പവൻ സ്വർണാഭരണത്തിന് വിവിധ ജ്വല്ലറികളിൽ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകാം. വാങ്ങുന്നതിന് മുമ്പ് സ്വർണവില, മേക്കിങ് ചാർജ്, ജിഎസ്ടി എന്നിവ ഉൾപ്പെടുന്ന കൃത്യമായ ബിൽ പരിശോധിക്കുന്നത് പ്രധാനമാണ്.
Content Hhighlights: Gold Price Rises Again in Kerala; One Pavan Jewellery Could Cost Over ₹1.27 Lakh Including GST and Making Charges