രാജ്യത്തെ 11 വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയിലേക്ക് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് തത്വത്തിൽ അനുമതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI ) ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവും 50 വർഷത്തേക്ക് സ്വകാര്യ കമ്പനികൾക്ക് നൽകാനാണ് പദ്ധതി. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി (PPPAC ) പദ്ധതിക്ക് അനുമതി നൽകിയതോടെ സ്വകാര്യവൽക്കരണ നടപടികൾക്ക് തുടക്കമാകും.
ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളവും ഉൾപ്പെടെ 11 വിമാനത്താവളങ്ങളെ അഞ്ച് ബണ്ടിലുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആന്ധ്രപ്രദേശിലെ തിരുപ്പതി വിമാനത്താവളവും തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളവും ഒരു ബണ്ടിൽ ആയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ നടത്തിപ്പും വികസനവും 50 വർഷത്തെ പാട്ടക്കരാർ അടിസ്ഥാനത്തിലായിരിക്കും വിമാനത്താവളങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുക.
എന്നാൽ വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം പൂർണമായി സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതല്ല. AAIയുടെ ഉടമസ്ഥത തുടരുന്നതിനൊപ്പം നടത്തിപ്പ്, മാനേജ്മെന്റ്, വികസനം എന്നിവയ്ക്കുള്ള അവകാശമാണ് ദീർഘകാലത്തേക്ക് സ്വകാര്യ സ്ഥാപനത്തിന് നൽകുക. തിരുപ്പതി–തിരുച്ചിറപ്പള്ളി കൂടാതെ അമൃത്സർ–കാംഗ്ര, വാരണാസി–ഗയ–കുശിനഗർ, ഭുവനേശ്വർ–ഹുബ്ബള്ളി, റായ്പൂർ–ഔറംഗാബാദ് എന്നീ വിമാനത്താവള കൂട്ടുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വലിയ വിമാനത്താവളങ്ങളോടൊപ്പം താരതമ്യേന ചെറിയ വിമാനത്താവളങ്ങളെയും കൂട്ടിച്ചേർത്താണ് ഈ PPP മാതൃക തയ്യാറാക്കിയിരിക്കുന്നത്. 11 വിമാനത്താവളങ്ങളിലായി സ്വകാര്യ പങ്കാളിത്തത്തിലൂടെ ഏകദേശം 8,622 കോടി നിക്ഷേപം പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. തീർഥാടന നഗരമായ തിരുപ്പതിയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ തിരുപ്പതി വിമാനത്താവളത്തിന്റെ വികസനത്തിനും ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. 2024–25 സാമ്പത്തിക വർഷത്തിൽ ഏകദേശം 9.96 ലക്ഷം യാത്രക്കാരാണ് തിരുപ്പതി വിമാനത്താവളം ഉപയോഗിച്ചത്.
യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും കൂടുതൽ വികസിപ്പിക്കുകയാണ് PPP പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.സ്വകാര്യവൽക്കരണത്തിന് ശേഷം നിലവിലുള്ള AAI ജീവനക്കാരുടെ കാര്യത്തിലും വ്യവസ്ഥകൾ നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികള് (concessionaires) ചുമതലയേറ്റതിന് ശേഷം ഒരു വർഷത്തെ ജോയിന്റ് മാനേജ്മന്റ് കാലയളവ് ഉണ്ടായിരിക്കും. തുടർന്ന് നിലവിലുള്ള AAI ജീവനക്കാരിൽ 60 ശതമാനം പേരെയെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തേക്ക് നിലനിർത്തണമെന്നാണ് നിർദേശം.
അതേസമയം, വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം ഇതിനകം പൂർത്തിയായിട്ടില്ല. പബ്ലിക്ക്–പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി നൽകിയിരിക്കുന്നത് തത്വത്തിലുള്ള അനുമതി മാത്രമാണ്. ഇനി സ്വകാര്യ കമ്പനികളെ കണ്ടെത്തുന്നതിനും കരാർ നടപടികൾ പൂർത്തിയാക്കുന്നതിനുമുള്ള തുടർ നടപടികളാണ് നടക്കേണ്ടത്. വിമാനത്താവള മേഖലയിൽ ഏതെങ്കിലും ഒരു കമ്പനിയുടെ കുത്തക ഉണ്ടാകുന്നത് തടയുന്നതിനും സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനുമായി വ്യോമയാന മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഒരു ലേലക്കാരന് പരമാവധി എത്ര ബണ്ടിലുകളിൽ വിമാനത്താവളങ്ങൾ നൽകാം എന്നതിന് പരിധി നിശ്ചയിക്കും. മുൻപ് നടന്ന ലേലത്തിൽ ആറ് വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിനെ തുടർന്ന് ഈ മേഖലയിൽ കുത്തകവൽക്കരണം ഉണ്ടാകുന്നതിനെക്കുറിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ഒരു ലേലക്കാരന് പരമാവധി രണ്ട് വിമാനത്താവളങ്ങൾ മാത്രമേ നൽകാവൂ എന്ന ധനകാര്യ മന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാർശകൾ മുൻ ലേല സമയത്ത് പി.പി.പി.എ.സി. തള്ളുകയായിരുന്നു.
Content Highlights: PPPAC in-principle nod for privatisation of 11 airports