സര്‍ക്കാര്‍ പദ്ധതികള്‍ക്കായി സോളാര്‍ സെല്ലുകള്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ വരെ നീട്ടി ഇന്ത്യ. ഓപ്പണ്‍ ആക്സസ് നെറ്റ് മീറ്ററിംഗ് വിഭാഗത്തിലെ സോളാര്‍ പദ്ധതികള്‍ക്ക് ദേശീയമായി അംഗീകരിച്ച സോളാര്‍ സെല്ലുകള്‍ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ഏഴ് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഡിസംബര്‍ 31 വരെ, ഇളവ് അനുവദിച്ചു. ദേശീയ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പിന്‍വലിക്കില്ലെന്നും, ഇത് എല്ലാ പദ്ധതികള്‍ക്കും ബാധകമായ പൊതുവായ ഇളവല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഈ തീരുമാനം പ്രധാനമായും കൊമേഴ്സ്യല്‍, ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ പദ്ധതികള്‍ക്ക് ഗുണകരമാകും. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ പുതുതായി ചേര്‍ത്ത 44.61 ഗിഗാവാട്ട് സോളാര്‍ ശേഷിയില്‍ 15 ഗിഗാവാട്ട് ഈ വിഭാഗത്തില്‍ നിന്നാണ്.
ഓപ്പണ്‍ ആക്സസ് നെറ്റ് മീറ്ററിംഗ് വിഭാഗങ്ങളിലെ പദ്ധതികള്‍ക്ക് ALMM-II പട്ടികയിലുള്ള സോളാര്‍ സെല്ലുകള്‍ ഉപയോഗിക്കാതെ, ഇറക്കുമതി ചെയ്ത സെല്ലുകള്‍ ഉപയോഗിച്ച് കമ്മീഷന് ചെയ്യാന്‍ ഡിസംബര്‍ വരെ അനുമതിയുണ്ടാകും. മുമ്പ് നല്കിയ ഇളവ് മെയ് 31ന് അവസാനിച്ചിരുന്നു. ആഭ്യന്തര സോളാര്‍ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോണ്‍-ടാരിഫ് സംവിധാനമാണ് ALMM (Approved List of Models and Manufacturers). സോളാര്‍ മോഡ്യൂളുകള്‍ ഇതിനകം തന്നെ ALMM പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ALMM-II പ്രകാരമുള്ള ദേശീയമായി അംഗീകരിച്ച സോളാര്‍ സെല്ലുകള്‍ നിര്‍ബന്ധമായും വാങ്ങണമെന്ന വ്യവസ്ഥ ജൂണ്‍ 1 മുതല്‍ നിലവില്‍ വന്നിരുന്നു. അതേസമയം, മെയ് 25ലെ ഉത്തരവിലൂടെ, ചില ഓപ്പണ്‍ ആക്സസ്, നെറ്റ് മീറ്ററിംഗ് പദ്ധതികള്‍ക്ക് ഓരോ കേസും പ്രത്യേകം പരിശോധിച്ച് ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി ജൂണ്‍ 30 വരെ അപേക്ഷ നല്കാന് സമയം നല്‍കിയിരുന്നു. എന്നാല്‍, പുതിയ ഉത്തരവോടെ ഈ രണ്ട് വിഭാഗങ്ങളിലെ എല്ലാ പദ്ധതികള്‍ക്കും പൊതുവായ ഇളവ് അനുവദിച്ചിരിക്കുകയാണ്. ഇതോടെ മുന്‍ ഉത്തരവ് അസാധുവായി.
സര്‍ക്കാരിന്റെ പ്രസ്താവന പ്രകാരം, നിലവില്‍ സ്റ്റോക്കിലുള്ള സോളാര്‍ മോഡ്യൂളുകള്‍ വിറ്റഴിക്കാനുള്ള അവസരം ലഭിക്കുന്നതിനാല്‍ സ്വതന്ത്ര സോളാര്‍ മോഡ്യൂള്‍ നിര്‍മ്മാതാക്കള്‍ക്ക് ഇത് സഹായകരമാകും. ALMM-II പട്ടികയിലുള്ള ആഭ്യന്തര സെല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങലിലേക്ക് മാറാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ആഭ്യന്തര സോളാര്‍ സെല്‍ നിര്‍മ്മാണ ശേഷി വര്‍ധിച്ചുവരുന്നതിനാല്‍, ഈ ഇടവേള വ്യവസായത്തിന് അനുകൂലമാകും. ഈ ഇളവ് ഓപ്പണ്‍ ആക്സസ്, നെറ്റ് മീറ്ററിംഗ് പദ്ധതികള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്.
Content Highlights: India has extended the exemption from mandatory ALMM-II-approved solar cell sourcing for Open Access and Net Metering solar projects until December 2026, allowing the continued use of imported solar cells while maintaining its long-term commitment to promoting domestic solar manufacturing