രക്ഷയില്ല;വിലക്കയറ്റം പിടിവിട്ടു, രണ്ടുവർഷത്തെ ഉയർന്ന നിലയിൽ മൊത്തവില പണപ്പെരുപ്പം

നിർമാണ മേഖലയിൽ പണപ്പെരുപ്പം 7.48 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു

രാജ്യത്തെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂൺ മാസത്തിൽ 9.87 ശതമാനമായി ഉയർന്നു. മെയ്യിൽ ഇത് 9.68 ശതമാനം ആയിരുന്നു. വിപണി പ്രതീക്ഷകളെയും മറികടന്ന ഈ വർധനയ്ക്ക് പ്രധാന കാരണം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണെന്നാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഭക്ഷ്യവില സൂചിക മെയ്യിലെ 4.49 ശതമാനത്തിൽ നിന്ന് ജൂണിൽ 6.14 ശതമാനമായി ഉയർന്നു. പച്ചക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, പ്രൊസസ്ഡ്ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലവർധനയാണ് മൊത്തവില പണപ്പെരുപ്പത്തെ പ്രധാനമായും ഉയർത്തിയത്.അതേസമയം, ഇന്ധന-വൈദ്യുതി വിഭാഗത്തിലെ പണപ്പെരുപ്പം 27.41 ശതമാനമായി തുടരുന്നുണ്ടെങ്കിലും, മെയ് മാസത്തിലെ 30.33 ശതമാനത്തേക്കാൾ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്. എന്നിരുന്നാലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉയർന്ന വില ഉൽപാദനച്ചെലവിൽ സമ്മർദ്ദം തുടരുകയാണ്.

നിർമാണ മേഖലയിൽ പണപ്പെരുപ്പം 7.48 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു.

എന്നാൽ അടിസ്ഥാന ലോഹങ്ങൾ, രാസവസ്തുക്കൾ, ധാതു എണ്ണകൾ എന്നിവയുടെ വിലവർധന മൊത്തവില സൂചികയെ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം, ചില്ലറ പണപ്പെരുപ്പവും ജൂണിൽ 4.38 ശതമാനമായി ഉയർന്നിരുന്നു. ഇതോടെ മൊത്തവിലയിലും ചില്ലറവിലയിലും ഒരേസമയം ഉയർച്ച തുടരുന്നത് വിലക്കയറ്റ സമ്മർദ്ദം സമ്പദ്‌വ്യവസ്ഥയിൽ ശക്തമാണെന്ന സൂചനയാണ് നൽകുന്നത്.

സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലിൽ, ഭക്ഷ്യവിലയിലെ തുടർച്ചയായ വർധന ഉപഭോക്താക്കളുടെ ദൈനംദിന ചെലവ് ഉയർത്തുന്നതിനൊപ്പം, വരും മാസങ്ങളിലെ ധനനയ തീരുമാനങ്ങളിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. പണപ്പെരുപ്പ സമ്മർദ്ദം തുടർന്നാൽ പലിശനിരക്കുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൂടുതൽ ജാഗ്രത പുലർത്തുമെന്നാണ് വിലയിരുത്തൽ.

Content Highlights:WPI inflation rises to 9.87 pc in June; minerals, food items see price spike

To advertise here,contact us