അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ധാന്യശേഖരവുമായി കേന്ദ്രസര്‍ക്കാര്‍: എല്‍ നിനോ പ്രതിസന്ധിയെ മറികടക്കാം

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മെയ് 1നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗോതമ്പും അരിയും ചേര്‍ന്നുള്ള ശേഖരം 81.75 ദശലക്ഷം ടണ്‍ (മില്യണ്‍ ടണ്‍) ആയിരുന്നു

അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ധാന്യശേഖരവുമായി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷത്തെ ഖരീഫ് കൃഷിയെ എല്‍ നിനോ ഭീഷണി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭക്ഷ്യധാന്യ ശേഖരവുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഖരീഫ് സീസണിലേക്ക് കടക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, മെയ് 1നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗോതമ്പും അരിയും ചേര്‍ന്നുള്ള ശേഖരം 81.75 ദശലക്ഷം ടണ്‍ (മില്യണ്‍ ടണ്‍) ആയിരുന്നു. ഇത് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ബഫര്‍ സ്റ്റോക്ക് മാനദണ്ഡത്തിന്റെ ഏകദേശം നാലിരട്ടിയാണ്. എല്‍ നിനോ മൂലമുള്ള ഉല്‍പാദനക്കുറവും ഭക്ഷ്യവിലക്കയറ്റവും നേരിടാന്‍ ഈ ശേഖരം സര്‍ക്കാരിന് വലിയ പിന്തുണയാകും.

ജൂണ്‍ മാസത്തെ സ്റ്റോക്ക് വിവരങ്ങള്‍ ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, മെയ് 1 വരെ 42.8 ദശലക്ഷം ടണ്‍ ഗോതമ്പും 38.95 ദശലക്ഷം ടണ്‍ അരിയും ഉണ്ടായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംയുക്ത ബഫര്‍ സ്റ്റോക്ക് മാനദണ്ഡം ഏകദേശം 21 ദശലക്ഷം ടണ്‍ മാത്രമാണ്.

ഗോതമ്പ് ശേഖരത്തില്‍ വന്‍ വര്‍ധന

ഈ വര്‍ഷം ഗോതമ്പ് സംഭരണത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധനയ്ക്ക് പ്രധാന കാരണം മികച്ച സര്‍ക്കാര്‍ സംഭരണമാണ്. ഓരെ വര്‍ഷത്തെയും കണക്കുകള്‍ ഇങ്ങനെ

2026: 42.8 ദശലക്ഷം ടണ്‍2025: 35.7 ദശലക്ഷം ടണ്‍2024: 25.96 ദശലക്ഷം ടണ്‍2023: 29.0 ദശലക്ഷം ടണ്‍2022: 30.3 ദശലക്ഷം ടണ്‍

2021ലെ കോവിഡ് കാലത്ത് രേഖപ്പെടുത്തിയ 52.5 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് നിലവാരത്തേക്കാള്‍ കുറവാണെങ്കിലും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കുറഞ്ഞ ലഭ്യതയ്ക്ക് ശേഷം ഈ വര്‍ഷം കേന്ദ്ര ശേഖരം ഗണ്യമായി ശക്തിപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അരി ശേഖരത്തില്‍ സ്ഥിരത പ്രകടമാണ്. വലിയ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. അരിയും ഗോതമ്പും ചേര്‍ന്നുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ധാന്യശേഖരമാണ്.

മതിയായ ധാന്യശേഖരം ഉള്ളതിനാല്‍, ആവശ്യമായപ്പോള്‍ വിപണിയിലേക്ക് ധാന്യം ഇറക്കി ഭക്ഷ്യവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് സാധിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികള്‍ക്ക് തടസ്സമില്ലാതെ ധാന്യം വിതരണം ചെയ്യാനുമാകും. എല്‍ നിനോ മൂലം ഖരീഫ് വിളവ് കുറഞ്ഞാല്‍ അതിന്റെ ആഘാതം കുറയ്ക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സൗകര്യമുണ്ടാകും.

എല്‍ നിനോയും മണ്‍സൂണും

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ദീര്‍ഘകാല ശരാശരിയുടെ 90 ശതമാനം മാത്രമായിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. രാജ്യത്തെ ഏകദേശം 800 ജില്ലകളില്‍ 315 ജില്ലകള്‍ മഴക്കുറവിന് സാധ്യതയുള്ളവയായി സര്‍ക്കാര്‍ കണക്കാക്കുന്നു. ഇതില്‍ 111 ജില്ലകള്‍ ജലസേചന സൗകര്യം കുറവുള്ളതിനാല്‍ അതീവ മുന്‍ഗണനാ പട്ടികയിലാണ്. മഴ വൈകുകയോ ക്രമരഹിതമാകുകയോ ചെയ്താല്‍ ഖരീഫ് വിതയും വിളവെടുപ്പും പ്രതികൂലമായേക്കും.

Content Highlights: India enters the 2026 kharif season with its highest foodgrain buffer stock in five years, providing a strong safeguard against potential El Niño-driven crop losses and food inflation

To advertise here,contact us