ഇന്ത്യയിലെ ഭക്ഷ്യ വിപണി 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 90 ബില്യണ്‍ ഡോളറില്‍ നിന്ന് 2031ഓടെ 150 ബില്യണ്‍ ഡോളറായി വളരുമെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ മേഖലയ്ക്ക് വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം ലഭിക്കുമെന്നും റെഡ്സീര്‍ കണ്‍സള്‍ട്ടിംഗ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, ഭക്ഷണ സേവന വിപണിയിലെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ പങ്ക് 2026 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനത്തില്‍ നിന്ന് 2031 സാമ്പത്തിക വര്‍ഷം 18 ശതമാനമായി ഉയരും. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികളും ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളുടെ വര്‍ധിച്ച ഉപയോഗവുമാണ് ഇതിന് പ്രധാന കാരണം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ ഭക്ഷ്യ സേവന വിപണി വലിയ വളര്‍ച്ച രേഖപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 56 ബില്യണ്‍ ഡോളറായിരുന്ന വിപണി 2026ല്‍ ഏകദേശം 90 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ പങ്ക് 4 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രധാന വളര്‍ച്ചാ ചാലകമായി മാറുന്നതിനാല്‍ ഇന്ത്യയിലെ ഭക്ഷ്യ സേവന വിപണി സ്ഥിരമായ വളര്‍ച്ചയിലാണ്. എന്നാല്‍ പുതിയ അവസരങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ലാഭകരമായ പ്രവര്‍ത്തനത്തിന് വ്യക്തമായ തന്ത്രം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീട്ടിന് പുറത്തുനിന്നുള്ള ഭക്ഷണത്തിന് വര്‍ധിച്ചുവരുന്ന താല്പര്യം, സൗകര്യപ്രദമായ ഭക്ഷണ രീതികള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം, സംഘടിത ഭക്ഷ്യ സേവന ബ്രാന്‍ഡുകളുടെ വളര്‍ച്ച എന്നിവ വിപണിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലും ടയര്‍1 നഗരങ്ങളിലും യുവ ഉപഭോക്താക്കള്‍ സൗകര്യത്തിനൊപ്പം സാമൂഹിക കൂടിക്കാഴ്ചകള്‍ക്കും ആഘോഷങ്ങള്‍ക്കുമായി പുറത്തുനിന്നുള്ള ഭക്ഷണം കൂടുതല്‍ തിരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
സംഘടിത ഭക്ഷ്യ സേവന മേഖലയുടെ വളര്‍ച്ച
നിലവില്‍ സംഘടിത ഭക്ഷ്യ സേവന മേഖല മൊത്തം വിപണിയുടെ 45-50 ശതമാനം കൈവശം വയ്ക്കുന്നുണ്ട്. ഇത് അസംഘടിത മേഖലയേക്കാള്‍ വേഗത്തില്‍ വളരുമെന്നാണ് പ്രതീക്ഷ. ഏകദേശം 1,000 മുതല്‍ 1,500 വരെ സംഘടിത ഭക്ഷ്യ സേവന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അതില്‍ വെറും 2 ശതമാനം കമ്പനികള്‍ക്കാണ് 500 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനം നേടാനായത്.
ഏകദേശം 89-90 ശതമാനം സംഘടിത ബ്രാന്‍ഡുകള്‍ക്കും വാര്‍ഷിക വരുമാനം 50 കോടി രൂപയില്‍ താഴെയാണ്. 7-8 ശതമാനം കമ്പനികള്‍ക്ക് 50 കോടി മുതല്‍ 500 കോടി രൂപ വരെയാണ് വരുമാനം. ഇത് ഈ മേഖലയിലെ കൂടുതല്‍ വളര്‍ച്ചാ സാധ്യതകള്‍ സൂചിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖയുടെ വളര്‍ച്ച
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം മേഖലയാണ് ഈ രംഗത്തെ പ്രധാന വളര്‍ച്ചാ ഘടകമായി മാറുന്നത്. മെട്രോ നഗരങ്ങളിലെ ഭക്ഷ്യ വിതരണ ഇടപാടുകള്‍2021 സാമ്പത്തിക വര്‍ഷം ഏകദേശം 30 കോടി ആയിരുന്നത് 2026 സാമ്പത്തിക വര്‍ഷം ഏകദേശം 106 കോടി ഇടപാടുകളായി ഉയര്‍ന്നു. ഭക്ഷ്യ വിഭാഗങ്ങളില്‍ സ്നാക്കുകള്‍, ഡെസേര്‍ട്ടുകള്‍, പാനീയങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകളായി ചൂണ്ടിക്കാട്ടുന്നത്.
ഓണ്‍ലൈന്‍ വിതരണത്തിന് അനുയോജ്യമായതിനാല്‍ ഷേക്കുകള്‍, ജ്യൂസുകള്‍, കേക്കുകള്‍ എന്നിവ അതിവേഗം വളരുന്ന വിഭാഗങ്ങളായി മാറുന്നു.പാനീയ വിഭാഗത്തില്‍ പ്രീമിയം ചായയും കാപ്പിയും ഏറ്റവും വേഗത്തില്‍ വളരുന്ന വിഭാഗങ്ങളാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രാന്‍ഡുകള്‍ക്ക് മികച്ച ലാഭവിഹിതവും സ്റ്റോര്‍ തലത്തിലുള്ള കൂടുതല്‍ വളര്‍ച്ചയും ലഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: India's food services market is projected to expand from USD 90 billion in FY26 to USD 150 billion by FY31, driven by rising consumer demand and the rapid growth of online food delivery, according to a Redseer Consulting report