തന്ത്രങ്ങൾ റെഡി, വെല്ലുവിളി നടപ്പാക്കലിൽ: ഇന്ത്യയുടെ ചിപ്പ് സ്വപ്നങ്ങൾക്ക് തടസ്സമായി ഇറക്കുമതി ആശ്രയത്വം

ലോകത്തെ മൊത്തം ചിപ്പ് ഡിസൈനര്‍മാരില്‍ ഏകദേശം അഞ്ചിലൊന്ന് ഇന്ത്യയിലാണുള്ളത്. ഏകദേശം മൂന്ന് ലക്ഷം ചിപ്പ് ഡിസൈനര്‍മാരുള്ള ഇന്ത്യയ്ക്ക് ഈ രംഗത്ത് വലിയ മുന്‍തൂക്കമുണ്ട്

ഇന്ത്യ ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്നത്, സെമികണ്ടക്ടര്‍ ചിപ്പ് പദ്ധതി നടപ്പാക്കാന്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാവുന്നതായി റിപ്പോര്‍ട്ട്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മ്മാണം, പാക്കേജിങ്, ടെസ്റ്റിങ് എന്നിവയില്‍ ആഭ്യന്തര ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കുകയാണ്. എന്നാല്‍, ആവശ്യമായ ഉപകരണങ്ങളും വിതരണ ശൃംഖലയും കൂടുതലായി ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ പദ്ധതികളുടെ വിജയത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നടപ്പാക്കലാണെന്ന് ഇക്വിറ്റിസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ മാതൃക രൂപപ്പെടുത്തുന്നതിനു പകരം, ഏഷ്യയിലെ പ്രമുഖ ചിപ്പ് നിര്‍മ്മാണ രാജ്യങ്ങളുടെ വിജയകരമായ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ചൈനയുടെ മാതൃക ഒഴിവാക്കി, തായ്വാന്റെ സര്‍ക്കാര്‍ പിന്തുണയുള്ള ഗവേഷണ-വികസന സമീപനം, മലേഷ്യയുടെ വിദേശ നിക്ഷേപ അധിഷ്ഠിത നിര്‍മ്മാണ മാതൃക, ദക്ഷിണ കൊറിയയുടെ ആഭ്യന്തര കമ്പനികളെ വളര്‍ത്തുന്ന രീതി, സിംഗപ്പൂരിന്റെ മൂലധന അച്ചടക്കം എന്നിവ ഇന്ത്യ പിന്തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തന്ത്രത്തേക്കാള്‍ വലിയ വെല്ലുവിളി അതിന്റെ ഫലപ്രദമായ നടപ്പാക്കലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുക, ആഭ്യന്തര വിതരണ ശൃംഖല ശക്തിപ്പെടുത്തുക, ആഗോള നിലവാരത്തിലുള്ള ഗുണമേന്മ ഉറപ്പാക്കുക എന്നിവ നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ലോകത്തെ മൊത്തം ചിപ്പ് ഡിസൈനര്‍മാരില്‍ ഏകദേശം അഞ്ചിലൊന്ന് ഇന്ത്യയിലാണുള്ളത്. ഏകദേശം മൂന്ന് ലക്ഷം ചിപ്പ് ഡിസൈനര്‍മാരുള്ള ഇന്ത്യയ്ക്ക് ഈ രംഗത്ത് വലിയ മുന്‍തൂക്കമുണ്ട്.

28 നാനോമീറ്റര്‍ മുതല്‍ 110 നാനോമീറ്റര്‍ വരെയുള്ള മേച്ച്വര്‍ നോഡ് സാങ്കേതികവിദ്യയിലും OSAT (Outsourced Semiconductor Assembly and Test) മേഖലയിലുമാണ് ഇന്ത്യ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള വേഫര്‍ ഉല്‍പ്പാദനത്തിന്റെ വലിയൊരു പങ്ക് ഈ വിഭാഗത്തിലാണ്. വാഹന, വ്യാവസായിക, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് മേഖലകളില്‍ ഇവ വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്.

2031ഓടെ ഇന്ത്യയിലെ ചിപ്പ് ഉപഭോഗം ഏകദേശം 155 ബില്യണ്‍ ഡോളറിലേക്ക് ഇരട്ടിയിലേറെ ഉയരുമെന്ന പ്രതീക്ഷയാണ് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഉപകരണങ്ങളില്‍ 90 ശതമാനത്തിലധികവും, സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെയും ഇലക്ട്രോണിക് ഗ്രേഡ് വാതകങ്ങളുടെയും 85-90 ശതമാനവും ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍. ചിപ്പ് ഡിസൈനര്‍മാര്‍ ധാരാളമുണ്ടെങ്കിലും, നിര്‍മ്മാണത്തിന് ആവശ്യമായ പ്രോസസ് എന്‍ജിനീയര്‍മാര്‍, മെട്രോളജി വിദഗ്ധര്‍, യീല്‍ഡ് എന്‍ജിനീയര്‍മാര്‍, ക്ലീന്റൂം ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ കുറവ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2027ഓടെ 85,000 വ്യവസായസജ്ജരായ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യം വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യയുടെ സെമികണ്ടക്ടര്‍ വ്യവസായം രാജ്യത്തിന്റെ പ്രധാന നയങ്ങളിലൊന്നാണെങ്കിലും, ഡിസൈന്‍ മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങള്‍ ഇല്ലാത്തതും അസംസ്‌കൃത വസ്തു വിതരണ ശൃംഖലയുടെ വികസനം മന്ദഗതിയില്‍ തുടരുന്നതും വെല്ലുവിളിയാണ്. 28 നാനോമീറ്ററില്‍ താഴെയുള്ള അത്യാധുനിക ചിപ്പ് നിര്‍മ്മാണത്തിന് സമീപഭാവിയില്‍ പരിമിതമായ സാധ്യതയാണ് ഉള്ളത് എന്നതും പ്രധാന വെല്ലുവിളിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Content Highlights: India's semiconductor strategy is strong, but execution remains the biggest hurdle as the country still depends on imports for over 90% of chip-making equipment and most critical materials, according to Equirus Securities

To advertise here,contact us