ഇന്ത്യയിലെ അലുമിനിയം വ്യവസായത്തിൽ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപങ്ങളിലൊന്നുമായി അദാനി ഗ്രൂപ്പ്. അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (IHC)യുമായി 50:50 സംയുക്ത സംരംഭം രൂപീകരിച്ച് ഏകദേശം 11.5 ബില്യൺ ഡോളർ (ഏകദേശം 1.1 ലക്ഷം കോടി) നിക്ഷേപിക്കാനാണ് പദ്ധതി. അദാനിയുടെ പുതിയ നീക്കത്തോടെ നിലവിൽ ഹിന്ദാൽകോയും വേദാന്തയും ആധിപത്യം പുലർത്തുന്ന ഇന്ത്യയുടെ അലുമിനിയം വിപണിയിൽ പുതിയ മത്സരം രൂപപ്പെടുമെന്നാണ് വിലയിരുത്തൽ.
അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ്. വിവിധ അടിസ്ഥാന സൗകര്യ, ഊർജ, വ്യവസായ പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്തുന്ന ഐഎച്ച്സിയുടെ പങ്കാളിത്തം പദ്ധതിയുടെ സാമ്പത്തിക ശക്തി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
പദ്ധതി ഒഡീഷയിൽ നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബോക്സൈറ്റ് ഖനനം മുതൽ അലുമിന റിഫൈനറി, അലുമിനിയം സ്മെൽട്ടർ, തുടർന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഡൗൺസ്ട്രീം യൂണിറ്റുകൾ വരെ ഉൾക്കൊള്ളുന്ന പൂർണ സംയോജിത വ്യവസായ സമുച്ചയമായിരിക്കും ഇത്. അസംസ്കൃത വസ്തുക്കൾ മുതൽ അന്തിമ ഉൽപ്പന്നം വരെ ഒരേ ശൃംഖലയിൽ നിർമ്മിക്കാൻ കഴിയുന്നതിനാൽ ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കമ്പനിക്ക് സാധിക്കും.
ആദ്യഘട്ടത്തിൽ തന്നെ പ്രതിവർഷം ഏകദേശം 1 ദശലക്ഷം ടൺ അലുമിനിയം ഉൽപ്പാദന ശേഷി ലക്ഷ്യമിടുന്ന പദ്ധതിയാണ് കമ്പനി തയ്യാറാക്കുന്നത്. ഭാവിയിൽ ഇത് കൂടുതൽ വിപുലീകരിക്കാനും സാധ്യതയുണ്ട്. കൂടാതെ അലുമിന റിഫൈനറിയും ക്യാപ്റ്റീവ് വൈദ്യുത നിലയവും സ്ഥാപിച്ച് ഉൽപ്പാദന ചെലവ് നിയന്ത്രിക്കക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയിലെ പ്രാഥമിക അലുമിനിയം ഉൽപ്പാദന മേഖലയിൽ നിലവിൽ പ്രധാന സ്ഥാനത്തുള്ളത് ഹിന്ദാൽകോ ഇൻഡസ്ട്രീസ്, വേദാന്ത അലുമിനിയം എന്നീ കമ്പനികളാണ്. പുതിയ സംരംഭം പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ രണ്ട് കമ്പനികളുടെ വിപണി ആധിപത്യത്തിന് ശക്തമായ വെല്ലുവിളി ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്. അലുമിനിയത്തിന് വാഹന നിർമാണം, പ്രതിരോധം, വിമാനനിർമാണം, റെയിൽവേ, വൈദ്യുത ഉപകരണങ്ങൾ, സൗരോർജ പദ്ധതികൾ, നിർമ്മാണ മേഖല എന്നിവയിൽ ആവശ്യകത വേഗത്തിൽ ഉയരുകയാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നത് ഇന്ത്യയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും സഹായിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സൈറ്റ് ശേഖരങ്ങളിലൊന്ന് ഒഡീഷയിലാണ്. അലുമിനിയം നിർമ്മാണത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തുവായ ബോക്സൈറ്റ് ലഭ്യത, തുറമുഖങ്ങളിലേക്കുള്ള സൗകര്യം, വ്യവസായ വികസനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണ എന്നിവയാണ് ഒഡീഷയെ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സിമന്റ്, ചെമ്പ്, ഡാറ്റാ സെന്ററുകൾ, നവീന ഊർജം, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് അതിവേഗ വ്യാപനം നടത്തിയ അദാനി ഗ്രൂപ്പിന്റെ മറ്റൊരു സുപ്രധാന നീക്കമായാണ് ഈ പദ്ധതിയെ വിലയിരുത്തപ്പെടുന്നത്. ഗ്രൂപ്പിന്റെ തുറമുഖ-ലോജിസ്റ്റിക്സ് ശൃംഖലയും വൈദ്യുതി മേഖലയിലെ സാന്നിധ്യവും അലുമിനിയം ബിസിനസിന് മത്സരാധികാരം നൽകുമെന്നാണ് വിലയിരുത്തൽ.
ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ പദ്ധതികൾ, പ്രതിരോധ മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ അലുമിനിയത്തിന്റെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ഈ നിക്ഷേപം നിർണായകമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയുടെ അലുമിനിയം വ്യവസായത്തിലെ മത്സരസാഹചര്യത്തിലും ഉൽപ്പാദന ശേഷിയിലും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
ഇതിനു പുറമെ പദ്ധതിയുടെ നിർമാണഘട്ടത്തിലും പ്രവർത്തനഘട്ടത്തിലും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അനുബന്ധ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കും ഗതാഗത-ലോജിസ്റ്റിക്സ് മേഖലയ്ക്കും ഇതിലൂടെ വലിയ പ്രയോജനം ലഭിക്കാനിടയുണ്ട്.
Content Highlights: Billionaire Gautam Adani, Abu Dhabi’s IHC To Invest $11.3 Billion In Aluminum Project In Odisha