പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ അമേരിക്കയിൽ വിലക്കയറ്റം അതിന്റെ മൂർദ്ധന്യാവസ്ഥയിലെന്ന് റിപ്പോർട്ട്. ഗ്യാസ്, വീട്, പലചരക്ക് തുടങ്ങി എല്ലാറ്റിനും വില കൂടിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പല മേഖലകളിലും ഉത്പാദന ചിലവുകളും വർധിച്ചു.
ഗ്യാസിന്റെ വിലവർധനവാണ് പ്രധാനമായും വിലക്കയറ്റത്തിലേക്ക് നയിച്ചത്. നിലവിൽ മൂന്ന് വർഷത്തെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഉപഭോക്ത്ര വില കഴിഞ്ഞ വർഷത്തേതിനേക്കാൾ 4.2 ശതമാനമായാണ് കൂടിയത്. ഏപ്രിലിൽ ഇത് 3.8% ആയിരുന്നു. വളരെ വേഗത്തിലാണ് വിലക്കയറ്റം ഉണ്ടാകുന്നത്.
പശ്ചിമേഷ്യൻ യുദ്ധവും അമേരിക്കയിൽ വിലക്കയറ്റത്തിന് ഒരു കാരണമായിട്ടുണ്ട്. ഉത്പാദന ചിലവുകൾ എല്ലാം ഉയർന്ന നിലയിലാണ്. 6.5 ശതമാനമാണ് നിലവിലെ നിരക്ക്. ഗ്യാസിന്റെ ഹോൾസെയിൽ വില 23 ശതമാനമാണ് വർധിച്ചത്. ഒരു വർഷം കൊണ്ട് ഗ്യാസിന് 70% വിലവർദ്ധനവ് ഉണ്ടായതായാണ് യുഎസ് ലേബർ ഡിപ്പാർട്മെന്റിന്റെ കണക്കുകൾ.
ചൊവ്വാഴ്ച പുറത്തിറങ്ങിയ വാർഷിക റിപ്പോർട്ട് വിരമിക്കൽ ട്രസ്റ്റ് ഫണ്ടും വലിയ ക്ഷാമം നേരിടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. 2033ൽ മെഡികെയർ ഹോസ്പിറ്റൽ ഇൻഷുറൻസ് തുകകൾ മുടങ്ങുമെന്നും റിപ്പോർട്ടിലുണ്ട്. വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകളും സർക്കാർ ചെലവുകളുമാണ് ഇതിന് കാരണം.
എന്നാൽ വിലക്കയറ്റം രൂക്ഷമായിരിക്കെ വീടുകളുടെ വില്പനയിൽ കുറവില്ല. വീടുകളുടെ വില്പന കഴിഞ്ഞ വര്ഷം മെയ് മാസത്തെ അപേക്ഷിച്ച് 3.2ശതമാനം കൂടുകയാണ് ചെയ്തത്. അമേരിക്കയുടെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് വീട് വില്പന ഏറ്റവും കൂടുതലായും നടന്നത്. വടക്കുകിഴക്കൻ മേഖകളിൽ എന്നാൽ കുറഞ്ഞു.
തൊഴിലില്ലായ്മ അനുകൂല്യങ്ങൾക്കായി റജിസ്റ്റർ ചെയ്ത അമേരിക്കക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കണക്ക്. ജൂൺ 6 വരേയ്ക്കും 2,29,000 ആളുകളാണ് സഹായത്തിനായി രജിസ്റ്റർ ചെയ്തത്. നേരത്തെ ഇത് 4000 ആയിരുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള ആഴ്ചതോറുമുള്ള അപേക്ഷകൾ യുഎസിൽ ഉണ്ടാകുന്ന പിരിച്ചുവിടലുകളുടെ ഒരു സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
Content Highlights: The United States is facing a severe inflation surge at its peak level as geopolitical tensions in West Asia continue to escalate. Prices of essential goods including gas, housing, and groceries have risen significantly, putting pressure on households.