ഇന്ത്യന്‍ ഫാര്‍മ വ്യവസായം 5 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് പിയൂഷ് ഗോയല്‍

ജനറിക് മരുന്നുകളുടെ നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ നിന്ന് ആഗോള നവീകരണ കേന്ദ്രമായി ഇന്ത്യ മാറിയാല്‍ അതിവേഗ വളര്‍ച്ച കൈവരിക്കാനാകും

60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ജനറിക് മരുന്നുകളുടെ ഉല്‍പാദന രംഗത്തെ ശക്തമായ അടിത്തറ നിലനിര്‍ത്തിക്കൊണ്ട് വളര്‍ച്ചയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഇതുവരെ അതിന്റെ യഥാര്‍ത്ഥ സാധ്യതകളിലെത്തിയിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറിക് മരുന്നുകളുടെ നിര്‍മ്മാണ കേന്ദ്രമെന്ന നിലയില്‍ നിന്ന് ആഗോള നവീകരണ കേന്ദ്രമായി ഇന്ത്യ മാറിയാല്‍ അതിവേഗ വളര്‍ച്ച കൈവരിക്കാനാകും. ഇന്ത്യയുടെ കുറഞ്ഞ ചെലവിലുള്ള ജനറിക് മരുന്നുകളുടെ ശക്തി നഷ്ടപ്പെടുത്താതെയാണ് ഈ മാറ്റം സാധ്യമാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള രോഗികള്‍ക്ക് ജനറിക് മരുന്നുകള്‍ നല്‍കുന്നത് നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ പുതിയ രീതിയിലുള്ള ഉല്‍പ്പന്നങ്ങളിലേക്കാണ് ഇന്ത്യ നീങ്ങേണ്ടത്, മന്ത്രി പറഞ്ഞു.

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകരിച്ച ഏറ്റവും കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റുകള്‍ ഇപ്പോഴുള്ളത് ഇന്ത്യയിലാണ്. ഇത് അമേരിക്കയും യൂറോപ്പും പോലുള്ള വിപണികളില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യയ്ക്ക് വിവിധ രാജ്യങ്ങളുടെ വിപണികളിലേക്ക് സീറോ താരിഫ് നിരക്കില്‍ പ്രവേശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തണം. അതിനായി പ്രവര്‍ത്തിക്കണമെന്നും ഗോയല്‍ പറഞ്ഞു. അമേരിക്ക 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതും, ഉക്രെയിനിലും പശ്ചിമേഷ്യയിലും യുദ്ധങ്ങള്‍ തുടരുന്നതുമുള്‍പ്പെടെയുള്ള ആഗോള പ്രതിസന്ധികള്‍ക്കിടയിലും, ഇന്ത്യ നേട്ടം കൈവരിച്ചു. സ്ഥിരവില അടിസ്ഥാനത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.7 ശതമാനം വളര്‍ച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

Content Highlights: India’s pharmaceutical industry is expected to nearly double in size over the next five years, with Commerce Minister Piyush Goyal urging a stronger focus on innovation while retaining the country’s global leadership in generic medicines

To advertise here,contact us