വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മാത്രമായി വാങ്ങിയിരുന്ന വജ്രാഭരണങ്ങള്‍ ഇന്ന് യുവജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ജെന്‍ സീ തലമുറയും സാമ്പത്തിക സ്വതന്ത്ര്യമുള്ള സ്ത്രീകളും ഡയമണ്ട് വാങ്ങല്‍ ശീലങ്ങളില്‍ വലിയ മാറ്റം സൃഷ്ടിച്ചതോടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ വജ്രാഭരണ വിപണിയായി മാറിയിരിക്കുകയാണ്.
2025ലെ ഡെ ബീയേഴ്സ് ഇന്ത്യ ഡയമണ്ട് അക്വിസിഷന്‍ സ്റ്റഡി പ്രകാരം ആഗോള നാച്ചുറല്‍ ഡയമണ്ട് ജ്വല്ലറി ഡിമാന്‍ഡില്‍ ഇന്ത്യയുടെ പങ്ക് 12 ശതമാനമായി ഉയര്‍ന്നു. ഇതോടെ ചൈനയെയും ജപ്പാനെയും മറികടന്ന് യുഎസിന് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ഡയമണ്ട് വിപണിയായി ഇന്ത്യ മാറി.
വിവാഹത്തിനപ്പുറം ഡയമണ്ടുകളുടെ പുതിയ ജീവിതം
മുന്‍പ് ഇന്ത്യയില്‍ ഡയമണ്ടുകള്‍ പ്രധാനമായും വിവാഹം, വിവാഹനിശ്ചയം, വാര്‍ഷികങ്ങള്‍ തുടങ്ങിയ പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ടു നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കള്‍ ഡയമണ്ടിനെ 'ഡെയ്ലി വെയര്‍ എന്ന നിലയിലാണ് കാണുന്നത്. ജോലിയില്‍ പ്രമോഷന് ലഭിച്ചതിന്റെ സന്തോഷത്തില്‍ ഡയമണ്ട് സ്റ്റഡ് വാങ്ങുക, പിറന്നാള്‍ ആഘോഷിക്കാന്‍ ഒരു പെന്‍ഡന്റ് സ്വന്തമാക്കുക തുടങ്ങിയ പ്രവണതകള്‍ വര്‍ധിക്കുകയാണ്.
2014ല്‍ ഡയമണ്ട് ആഭരണങ്ങളുടെ ഭൂരിഭാഗവും പ്രത്യേക അവസരങ്ങള്‍ക്കായി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുതുതായി വാങ്ങുന്ന നാച്ചുറല്‍ ഡയമണ്ടുകളുടെ പകുതിയിലധികവും ദിവസേന ഉപയോഗിക്കുന്നവയായി മാറിയിട്ടുണ്ട്.
ഇന്ത്യന്‍ ഡയമണ്ട് വിപണിയെ നയിക്കുന്നത് ജെന്‍ സീ
18 മുതല്‍ 28 വയസ്സ് വരെയുള്ള ജന്‍ സീ ഉപഭോക്താക്കള്‍ ഇന്ന് ഇന്ത്യന്‍ ഡയമണ്ട് ആഭരണ വിപണിയുടെ മൂല്യത്തിന്റെ 51 ശതമാനം സംഭാവന ചെയ്യുന്നു. അതിലും ശ്രദ്ധേയമായ കാര്യം, ഒരു ആഭരണത്തിനായി ശരാശരി 1.98 ലക്ഷം രൂപയാണ് ജെന്‍ സീകള്‍ ചെലവഴിക്കുന്നത്.
ഫാസ്റ്റ് ഫാഷനും താല്‍ക്കാലിക ട്രെന്‍ഡുകളും ഇഷ്ടപ്പെടുന്ന തലമുറ എന്ന പൊതുധാരണയെ മറികടന്നാണ് ജെന്‍ സീകള്‍ മുന്നേറുന്നത്. മില്ലേനിയലുകളെ കൂടി ഉള്‍പ്പെടുത്തിയാല്‍, യുവ ഉപഭോക്താക്കള്‍ ഇന്ന് ഇന്ത്യയിലെ ഡയമണ്ട് വിപണിയുടെ 86 ശതമാനം മൂല്യവും നിയന്ത്രിക്കുന്നു. അതായത് ഈ മേഖലയിലെ ഭാവി യുവതലമുറയുടെ കൈകളിലാണെന്ന് വ്യക്തം.
സ്ത്രീകള്‍ സ്വന്തം ആവശ്യത്തിന് ഡയമണ്ട് വാങ്ങുന്നു
വിപണിയിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സ്ത്രീകളുടെ വാങ്ങല്‍ രീതിയിലാണ്. മുമ്പ് ഡയമണ്ട് ആഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഇന്ന് നിരവധി സ്ത്രീകള്‍ സ്വന്തം പണം ഉപയോഗിച്ച് സ്വയം ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നുണ്ട്. കരിയര്‍ നേട്ടങ്ങള്‍, ജന്മദിനം തുടങ്ങിയ അവസരങ്ങളിലെല്ലാം ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ആഭരണങ്ങള്‍ വാങ്ങുന്നതിലും പെണ്‍കുട്ടികള്‍ തീരുമാനമെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.
2022ല്‍ ഇന്ത്യന്‍ വനിതകളില്‍ 11 ശതമാനം പേര്‍ക്കായിരുന്നു നാച്ചുറല്‍ ഡയമണ്ട് ആഭരണങ്ങള്‍ ഉണ്ടായിരുന്നത്. 2025ഓടെ ഇത് 15 ശതമാനമായി ഉയര്‍ന്നു. ലളിതവും ഭാരം കുറഞ്ഞതുമായ ഡിസൈനുകള്‍, ആധുനിക ഫാഷന്‍ ട്രെന്‍ഡുകള്‍, ഓഫിസ് ഉപയോഗത്തിനും ദിവസേന ധരിക്കാനുമുള്ള സൗകര്യം എന്നിവ ഡയമണ്ടുകളെ കൂടുതല്‍ ജനപ്രിയമാക്കുന്നു.
നിലവില്‍ ഇന്ത്യയുടെ ഡയമണ്ട് ആഭരണ വിപണിയുടെ മൂല്യം ഏകദേശം 49700 കോടി രൂപയാണ്. ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും ടയര്‍-1 മുതല്‍ ടയര്‍-5 നഗരങ്ങളിലേക്കുള്ള വിപണി വ്യാപനവും ഈ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഡയമണ്ടുകള്‍ ഇനി പാരമ്പര്യത്തിന്റെ മാത്രം പ്രതീകമല്ല. വ്യക്തിത്വം, സാമ്പത്തിക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളുടെ പ്രതീകം കൂടിയായാണ് പുതിയ തലമുറ കാണുന്നത്.
Content Highlights: What if diamonds were no longer saved for "special occasions"? Across India, Gen Z shoppers and self-buying women are increasingly choosing diamonds as everyday luxury, a shift that is helping the country emerge as the world's second-largest diamond market.