'ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ടോള്‍ അടയ്‌ക്കേണ്ട'; ട്രംപിന്റെ ആരോപണം തള്ളി ഇറാന്‍

ഇറാന്റെ തുറമുഖങ്ങള്‍ ഏപ്രില്‍ 13 മുതല്‍ നാവിക ഉപരോധത്തില്‍ ആയിരിക്കുമെന്നും, ഇറാനു പണം നല്‍കുന്ന കപ്പലുകളെ തടയുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ കപ്പലുകളില്‍നിന്ന് ടോള്‍ ഈടാക്കുന്നുവെന്ന ആരോപണങ്ങള്‍ ഇറാന്‍ തള്ളി. തങ്ങള്‍ ഇതുവരെ ഒരു ഇന്ത്യന്‍ കപ്പലില്‍നിന്നും പണം ഈടാക്കിയിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫതാലി വ്യക്തമാക്കി.

കപ്പലുകള്‍ കടന്നുപോകാനായി തങ്ങള്‍ ഇതുവരെ എന്തെങ്കിലും തുക ഈടാക്കിയിട്ടുണ്ടോ എന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ചോദിക്കാമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഫതാലി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ ഇറാനെ പിന്തുണച്ച ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും സ്ഥാനപതി നന്ദി അറിയിച്ചു. ഇന്ത്യ വിശ്വസിക്കാവുന്ന പങ്കാളിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നേരത്തെ ഹോര്‍മുസിലൂടെയുള്ള യാത്രയ്ക്ക് ഇറാന്‍ നിയമവിരുദ്ധമായി പണം ഈടാക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇറാന്റെ തുറമുഖങ്ങള്‍ ഏപ്രില്‍ 13 മുതല്‍ നാവിക ഉപരോധത്തില്‍ ആയിരിക്കുമെന്നും, ഇറാനു പണം നല്‍കുന്ന കപ്പലുകളെ തടയുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഹോര്‍മുസിലൂടെ കടന്നുവന്ന ഒന്‍പത് എല്‍പിജി കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി ഇറാനു പണം നല്‍കിയിട്ടില്ലെന്ന് നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

ഇറാനിലെ സംഘര്‍ഷത്തില്‍ കഴിഞ്ഞ 40 ദിവസത്തിനിടെ 3,700ലധികം ആളുകള്‍ കൊല്ലപ്പെടുകയും 30,000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മുഹമ്മദ് ഫതാലി അറിയിച്ചു. ആശുപത്രികള്‍, സ്‌കൂളുകള്‍, ഊര്‍ജ നിലയങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള മേഖലയാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടുത്തെ ഗതാഗത നിയന്ത്രണങ്ങള്‍ ആഗോള ഊര്‍ജ വിപണിയെ വലിയ തോതില്‍ ബാധിക്കാനിടയുണ്ട്.

Content Highlights: India Exempt From Hormuz Toll, No Vessel Charged, Says Iranian Envoy

To advertise here,contact us