
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന് മറുപടിയുമായി രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി താൻ ഭരണം നടത്തുകയാണ്. ഇനിയുള്ള രണ്ടേകാൽ വർഷവും ഭരണം തുടരും. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾ പൂർത്തീകരിച്ച് ഭരണം അവസാനിപ്പിക്കും. ആർ നാസർ അടക്കമുള്ളവർ തനിക്കെതിരെ നടത്തുന്നത് കുപ്രചരണമെന്നും രാജേന്ദ്രകുമാർ പറഞ്ഞു.
1994ലാണ് തനിക്കെതിരെ പാർട്ടി നടപടിയെടുത്തത്. അതിനുകാരണമായ ചില കാര്യങ്ങളുണ്ട്. അന്ന് പാർട്ടിക്കുള്ളിൽ വി എസ്, സിഐടിയു എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടായിരുന്നു. കുട്ടനാട്ടുകാർ ഒന്നടങ്കം വി എസിന് പിന്നിൽ പാറപോലെ ഉറച്ചുനിന്നു. അന്ന് വി ജി കുട്ടപ്പൻ അടക്കമുള്ള ആൾക്കാരാണ് വി എസ് വിഭാഗത്തെ നയിച്ചത്. അവർക്കുവേണ്ടി അതിശക്തമായി വാദിച്ചയാളാണ് താൻ. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ നേതൃത്വത്തിന് തന്നോടുണ്ടായ കടുത്ത വൈരാഗ്യമാണ് നിസാരകാര്യം ഉന്നയിച്ച് തനിക്കെതിരെ നടപടി എടുക്കാൻ കാരണം. ആ നടപടിക്ക് ശേഷവും താൻ ഇടതുമുന്നണിയിൽ തുടർന്നുവെന്നും രാജേന്ദ്രകുമാർ ചൂണ്ടിക്കാട്ടി.
2004ൽ താൻ വീണ്ടും ലോക്കൽ സെക്രട്ടറിയായി. അതിന് നാസറിന്റെ സഹായം ഉണ്ടായിട്ടില്ല. രാമങ്കരിയിൽ തന്റെയും നാട്ടിൻപുറത്തെ പ്രവർത്തകരുടെയും സ്വാധീനമാണ് തനിക്ക് ഉണ്ടായിരുന്നത്. 29 വർഷക്കാലത്തിന് മുമ്പുള്ള സംഭവമല്ലാതെ നാസറിന് ഉന്നയിക്കാൻ ഒന്നും ഇല്ല; രാജേന്ദ്രകുമാർ പറഞ്ഞു. '1988ൽ സിപിഐഎമ്മിന്റെ ലോക്കൽ സെക്രട്ടറിയായ ആളാണ് താൻ. അന്ന് തനിക്ക് 23 വയസ് മാത്രമാണ്. അന്ന് നാസർ ഡിവൈഎഫ്ഐക്കാരനാണ്. '39 വർഷമായി തൊഴിലാളി വർഗ പ്രസ്ഥാനത്തിന് വേണ്ടി പണിയെടുക്കുന്ന ആളാണ്. എന്റെ കൈയ്യിലും കാലിലും സ്റ്റീല് കയറി. സിപിഐഎമ്മിന് വേണ്ടി അതിശക്തമായ നിലപാട് എടുത്തത് കൊണ്ടാണ് അത് ഉണ്ടായത്. എതിരാളികൾ ക്വട്ടേഷൻ കൊടുത്ത് 2013 ഡിസംബർ മാസം ഏഴാം തീയതി എന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആറ് മാസം ഞാൻ കിടപ്പിലായിരുന്നു'; രാജേന്ദ്രകുമാർ വ്യക്തമാക്കി. ത്യാഗപൂർണമായ പ്രവർത്തനം നടത്തിവന്ന ആളാണ് താനെന്നും രാജേന്ദ്രകുമാർ കൂട്ടിച്ചേർത്തു.
താൻ താമസിക്കുന്ന വീട് 70 വർഷം പഴക്കമുള്ളതാണ്. തനിക്ക് വേണമെങ്കിൽ പലനേതാക്കളും ചെയ്തത് പോലെ വലിയൊരു വീട് വെക്കാമായിരുന്നു. തൊട്ടടുത്ത് സഹോദരിയുടെ പുതിയ വീട് കാണിച്ച് രാജേന്ദ്ര കുമാർ വെച്ച വീടാണ് എന്ന് പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ രാമങ്കരിക്കാരോ കുട്ടനാട്ടുകാരോ വിശ്വസിക്കില്ലെന്നും രാജേന്ദ്രകുമാർ വ്യക്തമാക്കി.