
ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെ വാട്സാപ്പിലും പരസ്യ വരുമാനത്തിനൊരുങ്ങി മാതൃകമ്പനിയായ മെറ്റ. ഇനി മുതൽ വാട്സാപ്പിലും പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കും. ആദ്യമായാണ് വാട്സാപ്പില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
വാട്സാപ്പിലെ അപ്ഡേറ്റ്സ് ടാബിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വഴിയാണ് പരസ്യങ്ങൾ വരിക. ഇൻസ്റ്റ, എഫ്ബി പോലെ സ്പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് ഇവ ഉപയോക്താക്കൾക്ക് ലഭിക്കുക. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്ഡേറ്റ് അവതരിപ്പിച്ചത്. ചാനല്‍ സബ്സ്ക്രിപ്ഷന്, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചര്‍ അപ്ഡേറ്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. 150 കോടി ദൈനം ദിന ഉപയോക്താക്കളെയാണ് ഇതിലൂടെ മെറ്റ ലക്ഷ്യമിടുന്നത്.
അതേ സമയം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിൽ മാത്രമാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുകയെന്നും പേഴ്സണല്‍ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും മെസേജുകളിലും പരസ്യങ്ങൾ കാണിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
ഉപഭോക്താക്കളില്‍ നിന്നുള്ള പരിമിതമായ വിവരങ്ങള്‍ ഉപയോഗിച്ചായിരിക്കും പരസ്യവിതരണമെന്നും കമ്പനി കൂട്ടിച്ചേർത്തു. നഗരം അല്ലെങ്കില്‍ രാജ്യം, ഭാഷ, ഫോളോ ചെയ്യുന്ന ചാനലുകള്‍, പരസ്യങ്ങളോടുള്ള പ്രതികരണ രീതി തുടങ്ങിയവയാണ് അടിസ്ഥാനമാക്കുക. പരസ്യ ദാതാക്കളുമായി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറുകള്‍ പങ്കുവെക്കില്ലെന്നും വ്യക്തിഗത സന്ദേശങ്ങള്‍, കോളുകള്‍, എന്നിവ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കില്ലെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
Content Highlights:WhatsApp Is Officially Getting Ads. Here's What Changes