'സ്ക്വിഡ് ഗെയിം' സീസൺ രണ്ടിനായി പുതിയ ഗെയിമുകൾ വികസിപ്പിക്കുന്നു; സസ്പെൻസ് എന്ന് സംവിധായകൻ ഹ്വാങ് ഡോങ്-ഹ്യുക്ക്
'ആദ്യ സീസണിനേക്കാളും രണ്ടാം സീസണിൽ അതിമാരകമായ വെല്ലുവിളികളാണ് കളിക്കാർ നേരിടാൻ പോകുന്നത്'
13 May 2022 12:11 PM GMT
ഫിൽമി റിപ്പോർട്ടർ

ലോക ശ്രദ്ധ പിടിച്ചുപറ്റിയ കൊറിയൻ വെബ് സീരീസ് ആയിരുന്നു 'സ്ക്വിഡ് ഗെയിം'. തുടക്കം കാഴ്ചക്കാരില്ലാതിരുന്ന സ്ക്വിഡ് ഗെയിം ശ്രദ്ധേയമായതോടെ ആഗോളതലത്തിൽ ആരാധകരെ നേടിയെടുത്തു. സീരിസിലെ രണ്ടാം സീസൺ 2024 അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തും എന്ന സൂചന സംവിധായകൻ നൽകിയിരുന്നു. അതിനായുള്ള തിരക്കഥ ഒരുക്കിക്കൊണ്ടിരിക്കുകയാണ് എന്നും എഴുത്തു തീർന്നാൽ അധികം വൈകാതെ തന്നെ ചിത്രീകരണം വേഗത്തിലാക്കും എന്നാണ് സ്ക്യുഡ് ഗെയിം സൃഷ്ടാവായ ഹ്വാങ് ഡോങ്-ഹ്യുക്ക്. ഇപ്പോൾ അടുത്ത സീസണിലേക്ക് ഗെയിമുകൾ വികസിപ്പിക്കുന്നു എന്ന പുതിയ റിപ്പോർട്ടുകളാണ് എത്തുന്നത്.
ആദ്യ സീസണിനേക്കാളും രണ്ടാം സീസണിൽ അതിമാരകമായ വെല്ലുവിളികളാണ് കളിക്കാർ നേരിടാൻ പോകുന്നത് എന്നും അത് ഇതുവരെയില്ലാത്ത മികച്ച അനുഭവം നൽകുമെന്നും സ്രഷ്ടാവായ ഹ്വാങ് ഡോങ്-ഹ്യൂക്ക് ഉറപ്പ് നൽകുന്നുണ്ട്. സീസൺ രണ്ടിനായുള്ള ദൃശ്യങ്ങൾ മനസ്സിൽ കണ്ടു കഴിഞ്ഞു എന്നും അത് ഇതുവരെ കണ്ടതിനും മുകളിലാണ് എന്നും അദ്ദേഹം ദി പ്ലേലിസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം സ്പോയിലറുകളൊന്നും ഇപ്പോൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ല, ആദ്യ സീസണേക്കാൾ മികച്ച ഗെയിമുകൾ നിങ്ങളെ കാത്തിരിക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
തുടക്കം മുതൽ ഒടുക്കം വരെ ഓരോ എപ്പിസോഡുകളിലും പ്രേക്ഷകനെ ആകാംക്ഷയുണ്ടാകുന്ന സംഭവങ്ങളും ശ്വാസം അടക്കിപ്പിച്ചിരിക്കുന്ന പ്രകടനവുമാണ് ഈ കൊറിയൻ സീരീസ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ സീരിസിന്റെ അടുത്ത സീസണിനായി അക്ഷമരായി കാത്തിരിക്കുകയാണ് സ്ക്വിഡ് ഗെയിം ആരാധകർ. 2009-ൽ ഒരു ഫീച്ചർ ഫിലിമായിട്ടാണ് ഹ്വാങ് ആദ്യം ഷോ എഴുതിയത്. തുടർന്ന് 2016-ൽ നെറ്റ്ഫ്ലിക്സ് ദക്ഷിണ കൊറിയയിൽ എത്തിയതിന് ശേഷമാണ് 'സ്ക്വിഡ് ഗെയിം' സീരീസ് ആയി പുറത്തിറങ്ങുന്നത്. പരമ്പര തുടങ്ങി നാല് ആഴ്ചയ്ക്ക് ശേഷം കോടിക്കണക്കിന് ആളുകളിലേക്കാണ് നെറ്റ്ഫ്ലിക്സ് ഈ സീരിസിനെ എത്തിച്ചത്.
Story higlights: 'Squid Game' develops new games for season two; Suspense is directed by Hwang Dong-hyuk