

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് സന്യാസിമാരുടെ പ്രതിഷേധ മാർച്ച്. മണ്ടി ഹൗസിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. എന്നാൽ തൊട്ടടുത്തുള്ള ഫിറോസ്ഷാ റോഡിൽ വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതിനെ തുടർന്ന് സന്ന്യാസിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് പിന്തുണയുമായി പൂർണിയ എംപി പപ്പു യാദവും സ്ഥലത്ത് എത്തിയിരുന്നു.
അയോധ്യ ശ്രീരാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഒരു ഫൊറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. രാമക്ഷേത്രത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകളും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. നേരത്തെ എസ്‌ഐടി പുനസംഘടിപ്പിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മലയാളിയായ ഐജി എസ് കിരണിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ അന്വേഷണ സംഘത്തിൽ ഡിഐജി സോമൻ വർമ, എസ്പി ഡോ. ഗൗരവ് ഗ്രോവർ എന്നിവർ അംഗങ്ങളാണ്. തട്ടിപ്പ് കേസ് മാത്രം അന്വേഷിക്കാനാണ് പുതിയ സംഘത്തെ രൂപീകരിച്ചത് നേരത്തെ നിയമിച്ച എസ്‌ഐടി കേസിൽ വിശാലമായ അന്വേഷണമാണ് നടത്തുന്നത്.
മോഷണവുമായി ബന്ധപ്പെട്ട കേസുകളിലെ ക്രിമിനൽ അന്വേഷണങ്ങളും സാങ്കേതിക പരിശോധനകളും പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിച്ചത്. പുതുതായി രൂപീകരിച്ച സംഘം അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇതിനിടെയാണ് സംഭാവനാ തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് സന്യാസിമാർ രംഗത്ത് വന്നത്.
Content Highlights: Saints, Mahants and Mahamandaleshwars, along with MP Pappu Yadav, staged a protest in New Delhi demanding a fair and high-level CBI investigation into the alleged Ayodhya Ram Temple donation Case. The protesters marched towards the Prime Minister’s residence seeking a transparent probe into the allegations.