പ്രചാരണത്തിന് 10 അംഗ കമ്മിറ്റിയുമായി വിജയ്; ജയലളിതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സെങ്കോട്ടയ്യനും കമ്മിറ്റിയിൽ

ജില്ലാ അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനം ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല

പ്രചാരണത്തിന് 10 അംഗ കമ്മിറ്റിയുമായി വിജയ്; ജയലളിതയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സെങ്കോട്ടയ്യനും കമ്മിറ്റിയിൽ
dot image

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 10 അം​ഗ കമ്മിറ്റി രൂപീകരിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകം. ജില്ലാ അടിസ്ഥാനത്തിലും നിയോജക മണ്ഡല അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനം ആസൂത്രണം ചെയ്യുകയാണ് കമ്മിറ്റിയുടെ ചുമതല. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന കെ എ സെങ്കോട്ടയ്യനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കമ്മിറ്റി രൂപീകരിച്ചതായി പ്രസ്താവനയിലൂടെ വിജയ്‌യാണ് അറിയിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 234 നിയമസഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി രൂപീകരിച്ചുവെന്നായിരുന്നു വിജയ് വ്യക്തമാക്കിയത്. പാർട്ടി പ്രവർത്തകർ കമ്മിറ്റിയുമായി സഹകരിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. നേരത്തെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കമ്മിറ്റിയും വിജയ് രൂപീകരിച്ചിരുന്നു.

Also Read:

ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെൻ്റ് ജനറൽ സെക്രട്ടറി അദവ് അർജുന, കെ എ സെങ്കോട്ടയ്യൻ, എ പാർത്ഥിപൻ, ബി രാജ്കുമാർ, കെ വി വിജയ് താമു, എസ് പി സെൽവം, കെ പിച്ചൈരത്നം കരികാലൻ, എം സെരവ് മൊയ്തീൻ, ജെ കാതറിൻ പാണ്ഡ‍്യൻ എന്നിവരാണ് പത്തം​ഗ കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന സെങ്കോട്ടയ്യനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. എഐഎഡിഎംകെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അറിയപ്പെട്ടിരുന്ന നേതാവാണ് സെങ്കോട്ടയ്യൻ. തമിഴ്നാട്ടിലെ ​ഗ്രൗണ്ട് റിയാലിറ്റി ഏറ്റവും നന്നായി അറിയാവുന്ന സെങ്കോട്ടയ്യൻ ജയലളിതയുടെ കാലത്ത് എഐഎഡിഎംകെയുടെ താഴെതട്ട് മുതലുള്ള പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഡിഎംകെയും എഐഡിഎംകെ-ബിജെപി സഖ്യവും പ്രവർത്തനങ്ങൾ ശക്തമാക്കവെയാണ് ടിവികെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. കരൂ‍ർ ദുരന്തത്തിൽ വിജയ്‌യെ സിബിഐ പ്രതിചേർത്തേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. മനഃപൂ‍ർവ്വമല്ലാത്ത നരഹത്യക്കേസ് വിജയ്‌ക്കെതിരെ ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കത്തിൻ്റെ ഭാ​ഗമായി തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

Content Highlights: Actor-politician Vijay's TVK announces a 10-member election campaign committee for 2026 Tamil Nadu polls. Includes veteran leader K.A. Sengottaiyan, former AIADMK minister and Jayalalithaa's key strategist, to coordinate statewide efforts against DMK.

dot image
To advertise here,contact us
dot image