ഗുജറാത്തിൽ 21 കോടിയുടെ കുറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു; പ്രതിഷേധവുമായി പ്രതിപക്ഷം

കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ഗുജറാത്തിൽ 21 കോടിയുടെ കുറ്റൻ ജലസംഭരണി ഉദ്ഘാടനത്തിന് മുൻപേ തകർന്നു വീണു; പ്രതിഷേധവുമായി പ്രതിപക്ഷം
dot image

സൂറത്ത്: ​ഗുജറാത്തിലെ സൂറത്തിൽ ഉദ്ഘാടനത്തിന് മുൻപേ കുറ്റൻ ജലസംഭരണി തകർന്നുവീണു. 21 കോടി രൂപയായിരുന്നു നിർമാണ ചെലവ്. ​ഗെയ്പാ​ഗ്ല ജലവിതരണ പദ്ധതിയുടെ ഭാ​ഗമാണിത്. കാപ്പാസിറ്റി ടെസ്റ്റിനിടെയാണ് നിലം പൊത്തിയത്. സംഭവം വിവാദമായതോടെ പോലീസ് കേസെടുത്തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

33 ​ഗ്രാമങ്ങൾക്ക് വെള്ളമെത്തിക്കാനായി നിർമ്മിച്ച ജലസംഭരണിയാണിത്. തഡ്‌കേശ്വർ ഗ്രാമത്തിൽ 15 മീറ്റർ ഉയരത്തിലാണ് ജലസംഭരണി നിർമിച്ചത്. തിങ്കളാഴ്ച എൻജിനീയർമാർ ജലസംഭരണിയുടെ ശേഷി പരിശോധന നടത്തി. ഒൻപതുലക്ഷത്തോളം ലിറ്റർ വെള്ളമാണ് ഈ സമയം ജലസംഭരണിയിലുണ്ടായിരുന്നത്. പരിശോധനയ്ക്കിടെ ജലസംഭരണി ചോരുകയും പിന്നാലെ തകർന്ന് വീഴുകയുമായിരുന്നു. സംഭവത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. 21 കോടി മുടക്കി നിർമിച്ച ജലസംഭരണി തകർന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതിനാലാണ് ജലസംഭരണി നിലംപൊത്തിയതെന്നാണ് പ്രധാന ആക്ഷേപം. സംസ്ഥാന സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും രം​ഗത്തെത്തി.


പ്രതിഷേധം ശക്തമായതോടെ ഐജി പ്രംവീർ സിങ്, എസ്പി രാജേഷ് ഗദിയ എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഏഴുസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ കരാറുകാരും സർക്കാർ ഉദ്യോഗസ്ഥനും അടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights: Water storage tank worth ₹21 crore collapsed in Gujarat before its inauguration, triggering concerns over construction quality and safety.

dot image
To advertise here,contact us
dot image