ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പ്; സിപിഐഎം പിന്തുണ കോണ്‍ഗ്രസിന്

രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൊണ്ടുവരുമെന്നാണ് രേവന്ത് റെഡ്ഢിയുടെ വിശ്വാസം.

ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പ്; സിപിഐഎം പിന്തുണ കോണ്‍ഗ്രസിന്
dot image

ഹൈദരാബാദ്: നവംബര്‍ 11ന് നടക്കുന്ന ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം പിന്തുണക്കും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നവീന്‍ യാദവാണ്. നേരത്തെ എഐഎംഐഎം, സിപിഐ, സിപിഐഎം, തെലങ്കാന ജന സമിതിയും കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു.

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തന്റെ പാര്‍ട്ടി പിന്തുണക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ജോണ്‍ വെസ്‌ലി പ്രഖ്യാപിച്ചു. അതേ സമയം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബി മഹേഷ് ഗൗഡ് പാര്‍ട്ടി അദ്ധ്യക്ഷന്‍ പ്രൊഫ. കൊണ്ടാരത്തെ നമ്പള്ളിയിലെ ഓഫീസിലെത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് ടിജെഎസ് പിന്തുണ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥിയായ നവീന്‍ യാദവിനായി ശക്തമായ പ്രചരണത്തിനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൊണ്ടുവരുമെന്നാണ് രേവന്ത് റെഡ്ഢിയുടെ വിശ്വാസം.

മണ്ഡലത്തിലെ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ എംഎല്‍സി ആയി നിര്‍ദേശിച്ചത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മന്ത്രിമാരായ പൊന്നം പ്രഭാകര്‍, വിവേക് വെങ്കട്ടസ്വാമി, തുമ്മല നാഗേശ്വര റാവു എന്നിവരുടെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മണ്ഡലത്തില്‍ ആരംഭിച്ച നിരവധി വികസന പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് നേതാക്കള്‍ പറയുന്നു.

2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സെക്കന്ദരാബാദ് കന്റോണ്‍മെന്റ് സീറ്റ് ബിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. സമാനരീതിയില്‍ ജൂബിലി ഹില്‍സിലും വിജയിച്ചാല്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ജിഎച്ച്എംസി തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

Content Highlights: CPIM announced that his party would back the Jubilee Hills Congress candidate

dot image
To advertise here,contact us
dot image