
ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ നേതാവ് വിജയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ദുരന്തമാണ് നടന്നതെന്നും ബാലാജി പ്രതികരിച്ചു. 'മരിച്ചവരില്‍ 31 പേരും കരൂര്‍ സ്വദേശികളാണ്. മിക്കവരെയും എനിക്ക് നേരിട്ടറിയുന്നവര്‍. യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ പോലും ടിവികെ ശ്രമിച്ചില്ല. ഡിഎംകെയുടെ യോഗങ്ങളില്‍ ഇതൊന്നുമല്ല പതിവ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ടിവികെ ഉറപ്പാക്കിയില്ല.' വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്തില്‍ ബാലാജി പറഞ്ഞു.
'നൂറുകണക്കിന് ചെരുപ്പുകള്‍ തെറിച്ച് കിടക്കുന്നത് നമുക്ക് അവിടെ കാണാം. എന്നാല്‍ ഒരു ബിസ്‌കറ്റിന്റെ കവറോ വെള്ളക്കുപ്പിയോ കണ്ടില്ല. വിജയ് കൃത്യസമയത്ത് എത്താതിരുന്നത് വലിയ വീഴ്ച്ചയാണ്. വിജയ് വരും മുന്‍പ് തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നും ആളുകള്‍ കുഴഞ്ഞു വീണിരുന്നു.' സെന്തില്‍ ബാലാജി വ്യക്തമാക്കി. വിജയ്‌ക്കെതിരെ വന്ന ചെരുപ്പ് ആരെങ്കിലും ശ്രദ്ധയാകര്‍ഷിക്കാന്‍ എറിഞ്ഞതാവാം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
കരൂരില്‍ മാത്രം എങ്ങനെ പ്രശ്‌നമുണ്ടായി എന്ന വിജയ്‌യുടെ ചോദ്യത്തെയും പരിഹസിച്ചുകൊണ്ടായിരുന്നു സെന്തില്‍ ബാലാജി സംസാരിച്ചത്. 'അമിതവേഗത്തില്‍ എന്നും വാഹനം ഓടിക്കുന്ന ആള്‍ ഒരു ദിവസം മാത്രം തനിക്ക് അപകടം സംഭവിച്ചതിന്റെ കാരണം ചോദിക്കുന്നത് പോലെയുള്ള പ്രതികരണമാണിത്. എല്ലായിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിജയ് വാഹനത്തിന് മുകളില്‍ നിന്നത് 19 മിനിറ്റാണ്. തന്നെ കുറിച്ച് അവസാനം സംസാരിക്കാം എന്നാണ് പറഞ്ഞത്. 6 മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെരുപ്പ് എറിഞ്ഞു. തന്നെ കുറിച്ച് പറഞ്ഞത് 16-ാം മിനിട്ടിലാണ്. വിജയ് തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വന്തം പിഴവുകള്‍ മറച്ചുവെച്ച് സര്‍ക്കാരിന് മേല്‍ പഴി ചാരാനാണ് ശ്രമം.' സെന്തില്‍ ബാലാജി കുറ്റപ്പെടുത്തി.
ആളുകളെ സഹായിക്കാന്‍ പെട്ടെന്ന് എത്തുന്നത് ശീലമാണെന്നും പാര്‍ട്ടി ഏതെന്ന് നോക്കിയല്ല ഇടപെടലുകള്‍ നടത്തുന്നതെന്നും സെന്തില്‍ ബാലാജി പറഞ്ഞു. താന്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മറ്റു പാര്‍ട്ടിക്കാരും ഉണ്ടായിരുന്നുവെന്ന് പറഞ്ഞ ബാലാജി താന്‍ എന്ത് ചെയ്യണമായിരുന്നുവെന്നും ചോദിച്ചു. ടിക്കറ്റ് എടുത്തു ചെന്നൈക്ക് പോകണമായിരുന്നോ? വിജയ് രാഷ്ട്രീയക്കാരന്റെ കടമ നിര്‍വഹിച്ചുവെന്നും സെന്തില്‍ ബാലാജി പരിഹസിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.
Content Highlight; Senthil Balaji responds to allegations made by TVK leader Vijay