
ന്യൂഡല്‍ഹി: ആർഎസ്എസിന്‍റെ നൂറാം വാർഷികാഘോഷ വേളയിൽ, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് അയച്ച കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്. 1948 ജൂലൈ 18-ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അയച്ച കത്താണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എംപി എക്സിൽ പങ്കുവെച്ചത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് ശദാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത് ആര്‍എസ്എസിനെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമര്‍ശിച്ചാണ് ജയറാം രമേശിന്‍റെ നീക്കം. ആർഎസ്എസ് രാജ്യത്തിന് ഭീഷണിയാണെന്ന് സർദാർ പട്ടേൽ അയച്ച കത്തിൽ പരാമർശിക്കുന്നു. ആർഎസ്എസിനെക്കുറിച്ച് രാവിലെ ഒരുപാട് സംസാരിച്ച പ്രധാനമന്ത്രിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്യാമ പ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തിനെക്കുറിച്ച് അറിവുണ്ടോയെന്ന് ജയറാം രമേശ് ചോദിക്കുന്നു.
'പ്രധാനമന്ത്രി ഇന്ന് രാവിലെ ആര്‍എസ്എസിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു. 1948 ജൂലൈ 18-ന് സര്‍ദാര്‍ പട്ടേല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയ്ക്ക് എഴുതിയത് എന്താണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിനറിയാമോ?' എന്നാണ് കത്തിന്റെ ഭാഗം പങ്കുവെച്ച് മീഡിയ ചാര്‍ജുളള എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചത്. 'സര്‍ദാര്‍ പട്ടേല്‍സ് കറസ്‌പോണ്ടന്‍സ് 1945-1950' എന്ന പുസ്തകത്തിലാണ് പട്ടേല്‍ ശ്യാംമപ്രസാദ് മുഖര്‍ജിയ്ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ പറയുന്നത്.
'ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുളളതിനാല്‍ ആര്‍എസ്എസിനും ഹിന്ദു മഹാസഭയ്ക്കുമുളള പങ്കിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഈ രണ്ട് സംഘടനകളുടെയും, പ്രത്യേകിച്ച് ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്താല്‍ ഇത്രയും ഭയാനകമായ ഒരു ദുരന്തം സാധ്യമാകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ ഗൂഢാലോചനയില്‍ ഹിന്ദു മഹാസഭയിലെ ഒരു തീവ്ര പക്ഷം ഭാഗമായിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും രാജ്യത്തിനും ഭീഷണിയാണ്. നിരോധിച്ചിട്ടും അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് നമുക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. തീര്‍ച്ചയായും, കാലം കടന്നുപോകുന്തോറും ആര്‍എസ്എസ് കൂടുതല്‍ വെല്ലുവിളിയാവുകയും അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം അറസ്റ്റിലായവരുടെ എണ്ണം അഞ്ഞൂറില്‍ താഴെയാണ്. അതിനര്‍ത്ഥം നിലവില്‍ ജയിലില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്', എന്നാണ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് അയച്ച കത്തില്‍ പറയുന്നത്.
The PM has spoken much of the RSS this morning.
— Jairam Ramesh (@Jairam_Ramesh) October 1, 2025
Is he even aware of what Sardar Patel wrote to Dr. Syama Prasad Mookerjee on July 18, 1948?
More to follow.... pic.twitter.com/HGepV8uSn3
രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും മോദി പറഞ്ഞിരുന്നു. ആര്‍എസ്എസിന്റേത് പ്രചോദനാത്മകമായ യാത്രയാണ്. രാജ്യസേവനത്തിന്റെ പ്രതീകമാണ് ആര്‍എസ്എസ്. നൂറ് കണക്കിന് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ആര്‍എസ്എസ് സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നും മോദി പറഞ്ഞു.
Content Highlights: Congress Leader jairam Ramesh Share the Sardar Vallabhbhai Patel's letter to Shyama Prasad Mukherjee about Rss