
ഹൈദരാബാദ്: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കുമെന്ന് ഹൈദരാബാദ് എം പിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി. ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡിയുടെ ഓഫീസ് അഭ്യർത്ഥിച്ചതായും ഒവൈസി വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി നിലപാട് വ്യക്തമാക്കിയത്.
'തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച് സംസാരിച്ചിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ചു. ഹൈദരാബാദുകാരനും ബഹുമാന്യ നിയമവിദഗ്ധനുമായ ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് എഐഎംഐഎം പിന്തുണ നൽകും. ജസ്റ്റിസ് റെഡ്ഡിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തെ ആശംസകൾ അറിയിച്ചിട്ടുണ്ട്' എന്നായിരുന്നു അസദുദ്ദീൻ ഒവൈസി എക്സിൽ കുറിച്ചത്.
ആഗസ്റ്റ് 19നായിരുന്നു പ്രതിപക്ഷ സഖ്യത്തിൻ്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെ പ്രഖ്യാപിച്ചത്. പ്രത്യയശാസ്ത്ര പോരാട്ടമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കിയായിരുന്നു. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി തെലങ്കാന സ്വദേശിയാണ്. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച സുദർശൻ റെഡ്ഡി 1988ൽ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായും പിന്നീട് കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസിലായും നിയമിക്കപ്പെട്ടു. 1993ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദർശൻ റെഡ്ഡി 2007ലാണ് സുപ്രീംകോടതി അഡീഷണൽ ജഡ്ജായി ചുമതലയേറ്റത്. 2011ൽ വിരമിച്ചു.
സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സി പി രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ് നേതാവ് കൂടിയായ രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു. രണ്ട് തവണ കോയമ്പത്തൂരിൽ നിന്ന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ കയർ ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണൻ നാല് വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറായി നിയമിതനായി. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലങ്കാന ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായും രാധാകൃഷ്ണൻ നിയോഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31നാണ് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്.
Content Highlights: Asaduddin Owaisi Says AIMIM Will Back INDIA Bloc's Sudershan Reddy In Vice Presidential election