മഴവെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുമരണം; ബെംഗളൂരു മഴക്കെടുതിയിൽ മരണം മൂന്നായി

തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം

dot image

ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതിയിൽ രണ്ടുപേർ കൂടി മരിച്ചു. മൻമോഹൻ കാമത്ത് (63), ദിനേശ് (14) എന്നിവരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. മഴവെള്ളം പമ്പ് ചെയ്തു കളയുന്നതിനിടെയായിരുന്നു അപകടം. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്പാർട്ട്മെന്റിലാണ് സംഭവം. താമസക്കാരനായ മൻമോഹൻ കാമത്തും, അപ്പാർട്ട്മെന്റിലെ തൊഴിലാളിയായ നേപ്പാൾ സ്വദേശി ഭരതിന്റെ മകൻ ദിനേശും വൈദ്യുതി മോട്ടോർ ഉപയോഗിച്ച് കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിക്കളയാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മഴക്കെടുതിയിൽ ജീവൻ നഷ്ടമായവരുടെ എണ്ണം മൂന്നായി. നേരത്തെ ശക്തമായ മഴയെത്തുടർന്ന് മതിൽ ഇടിഞ്ഞുവീണ് 35 വയസുള്ള യുവതി മരിച്ചിരുന്നു.

ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി ആറ് മണിക്കൂറിലധികം നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. നഗരത്തിലെ നിരവധി റോഡുകളും, താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരത്തിലെ 210 വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ 166 പ്രദേശങ്ങളിലെ വെള്ളപ്പൊക്കം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞു.

സിൽക്ക് ബോർഡ് ജംഗ്ഷൻ, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ അളവിൽ മഴ ലഭിക്കുന്നുണ്ട്. ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഇവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Bengaluru rain updates

dot image
To advertise here,contact us
dot image