
അഹമ്മദാബാദ്: ഗുജറാത്തിലെ ഏറ്റവും വലിയ പത്രമായ 'ഗുജറാത്ത് സമാചാറി'ന്റെ സ്ഥാപകരില്‍ ഒരാളായ ബാഹുബലി ഷായെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഹമ്മദാബാദിലെ ഗുജറാത്ത് സമാചാറിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ഗുജറാത്ത് സമാചാറിന്റെയും വാര്‍ത്താ ചാനലായ ജിഎസ്ടിവിയുടെയും ഉടമസ്ഥരായ ലോക്പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരിലൊരാളാണ് ബാഹുബലി ഷാ.
ഇദ്ദേഹത്തിന്റെ സഹോദരന്‍ ശ്രേയാന്‍ഷ് ഷായാണ് പത്രത്തിന്റെ എംഡി. ഇന്ന് പകല്‍ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ജിഎസ്ടിവിയുടെ ഡിജിറ്റല്‍ തലവന്‍ തുഷാര്‍ ദേവ് പറഞ്ഞു. എന്നാല്‍ ഷായെ അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണം ഇ ഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആരോഗ്യാവസ്ഥ മോശമായതിനാല്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസും ആം ആദ്മിയും ആരോപിച്ചു. ഒരു പത്രത്തിന്റെ ശബ്ദം മാത്രമല്ല, ജനാധിപത്യത്തെ മുഴുവന്‍ അടിച്ചമര്‍ത്തുന്നതാണ് ഇ ഡിയുടെ നടപടിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി ഗുജറാത്ത് സമാചാര്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള വാര്‍ത്തകള്‍ നല്‍കുന്നതിനാലാണ് പത്രത്തെയും ഉടമകളെയും ലക്ഷ്യം വെക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളും ഇ ഡി നടപടിയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തി.
Content Highlights: E D arrested Gujarat Samachar daily s one of the owner Bahubali Shah