
ന്യൂഡൽഹി: ജാതി സെൻസസ് നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് കോൺഗ്രസിന്റെ ആശയമായിരുന്നു. ബിജെപി അത് സ്വീകരിച്ചതിൽ സന്തോഷമുണ്ട്. ബിജെപി ഇത്ര പെട്ടെന്ന് ജാതി സെൻസസ് സ്വീകരിക്കാനിടയായ സാഹചര്യമെന്താണെന്ന് വ്യക്തമല്ല. ബിഹാർ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിലാണെന്ന് താൻ കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജാതി സെൻസസിന് സമയപരിധി വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എപ്പോൾ പൂർത്തിയാക്കുമെന്ന് പറയണം. ആന്ധ്ര മോഡൽ പ്ലാൻ വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജാതി സെൻസസ് മാത്രം പോര; സംവരണം, പ്രാതിനിധ്യം എന്നിവ ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പഹൽഗാം ഭീകരാക്രമണത്തിലും രാഹുൽ ഗാന്ധി പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ആരായാലും അവർക്ക് അതിൻ്റെ മറുപടി നൽകണം. തിരിച്ചടിക്ക് പ്രതിപക്ഷം നൂറ് ശതമാനം പിന്തുണ നൽകും. നരേന്ദ്ര മോദി പ്രവർത്തിക്കണം. അതിന് മുഴുവൻ പ്രതിപക്ഷാംഗങ്ങളും പിന്നിലുണ്ടാകും. ഭീകരാക്രമണം നടത്തിയവർക്ക് അതിൻ്റെ വില നൽകണം. സമയം പാഴാക്കരുതെന്നും പെട്ടെന്ന് മറുപടി നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
content highlights : Concept of Caste Census was Congress idea; Rahul Gandhi