
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ സൗദി അറേബ്യ സന്ദര്‍ശനത്തിന് ശേഷം പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്തയാഴ്ച ഇക്കാര്യത്തില്‍ ആര്‍എസ്എസും ബിജെപി നേതൃത്വത്തെ നിലപാട് അറിയിക്കും.
നിലവിലെ സൂചനകള്‍ അനുസരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍, കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, ഭൂപേന്ദ്ര യാദവ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്. ആദ്യഘട്ടത്തില്‍ വിനോദ് ദാവ്ഡയുടെ പേരായിരുന്നു ചര്‍ച്ചയായിരുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതും ബിജെപിയുടെ പരിഗണ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.
അടുത്ത മാസം കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന സൂചനകളും ഉണ്ട്. അങ്ങനെയെങ്കില്‍ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന പാര്‍ട്ടിയില്‍ നിന്നുള്ളവരില്‍ മന്ത്രിസഭയില്‍ എത്തിയേക്കും. ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചുള്ളതാകും പുനഃസംഘടന.
Content Highlights: BJP National President Announcement By Month-End