
May 28, 2025
02:27 PM
ദില്ലി: കാണ്ഡഹാർ വിമാനറാഞ്ചലുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് വെബ് സീരീസ് 'IC 814: The Kandahar Hijack' വിവാദത്തിലായതോടെ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. നേരിട്ട് ഹാജരായി വിവാദങ്ങളിൽ വിശദീകരണം നൽകാനാണ് നിർദേശം.
ഓഗസ്റ്റ് 29നാണ് 'IC 814: The Kandahar Hijack' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. പരമ്പരയിൽ വിമാനം ഹൈജാക്ക് ചെയ്ത തീവ്രവാദികളുടെ പേരുകൾക്ക് പകരം ചില കോഡ് പേരുകളാണ് ഉപയോഗിച്ചിരുക്കുന്നത്. അവയിൽ രണ്ടെണ്ണം ഭോല, ശങ്കർ എന്നായിരുന്നതാണ് വിവാദമായത്. തീവ്രവാദികളുടെ യഥാർത്ഥ പേരിന് പകരം 'ഹിന്ദു' പേരുകൾ ഉപയോഗിച്ചത് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം തീവ്രവലതുപക്ഷ അനുഭാവികൾ വിവാദമാക്കിയിരുന്നു. നെറ്റ്ഫ്ലിക്സിനെതിരെ ശക്തമായ ക്യാമ്പയിനും ഉണ്ടായി. ഇതോടെയാണ് സീരീസിലെ ഉള്ളടക്കത്തെപ്പറ്റി വിശദീകരിക്കാൻ ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് പ്രതിനിധിയെ കേന്ദ്രസർക്കാർ വിളിപ്പിച്ചത്.
ഓഗസ്റ്റ് 29ന് റിലീസായ 'IC 814: ദി കാണ്ഡഹാർ ഹൈജാക്ക് സ്റ്റോറി'ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അനുഭവ് സിൻഹയാണ് രാജ്യം ഏറെ ചർച്ച ചെയ്ത കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്ഫ്ലിക്സിലെ പരമ്പര ഒരുക്കിയിരിക്കുന്നത്. വിജയ് വർമ്മ, നസീറുദ്ദീൻ ഷാ, പങ്കജ് കപൂർ, അരവിന്ദ് സ്വാമി എന്നിവർ പരമ്പരയിൽ പ്രധാനവേഷത്തിലെത്തുന്നു. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തിൽ 2000-ൽ പ്രസിദ്ധീകരിച്ച ക്യാപ്റ്റൻ ദേവി ശരണിൻ്റെ 'ഫൈറ്റ് ഇൻറ്റു ഫിയർ: എ ക്യാപ്റ്റൻസ് സ്റ്റോറി' എന്ന പുസ്തകത്തെ അധികരിച്ചാണ് അനുഭവ് സിൻഹ പരമ്പര ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മുൾമുനയിൽ നിർത്തിയ കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ ഏഴ് ദിവസം നീണ്ട ഉദ്വേഗജനകമായ സംഭവപരമ്പരകൾ തീവ്രത ചോരാതെ തന്നെ പരമ്പര ദൃശ്യവത്കരിച്ചിട്ടുണ്ട്.