


 
            ഡൽഹി: മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പൊതുപരിപാടിയിൽ പൊട്ടിക്കരഞ്ഞ് ഡൽഹി മന്ത്രി അതിഷി മർലേന. മദ്യനയ അഴിമതിക്കേസിലാണ് ഡൽഹി വിദ്യാഭ്യാസ മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. തുടർന്ന് 18 മാസങ്ങൾക്ക് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഇന്ന് ഡൽഹിയിലെ ഒരു സ്കൂളിലെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ സിസോദിയയ്ക്ക് ജാമ്യം ലഭിച്ചതിലുള്ള സന്തോഷം അതിഷി പങ്കുവച്ചു. ഇന്ന് സത്യം വിജയിച്ചു. ഡൽഹിയിലെ വിദ്യാർത്ഥികൾ വിജയിച്ചു. പാവപ്പെട്ട കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകിയതിനാണ് അദ്ദേഹത്തെ ജയിലിലടച്ചത്. - അതിഷി പറഞ്ഞു. കുട്ടികളുമായി സംവദിക്കുന്നതിനിടെ അതിഷി പൊട്ടിക്കരഞ്ഞു.
സുപ്രീം കോടതി വിധിയെ സത്യത്തിന്റെ വിജയം എന്നാണ് അതിഷി വിശേഷിപ്പിച്ചത്. ജസ്റ്റിസുമായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണയിൽ പുരോഗതിയില്ലെന്നിരിക്കെ സിസോദിയയെ തടവിലിടുന്നത് നീതിയോടുള്ള പരിഹാസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. വ്യാജ കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്ന് അതിഷി ആരോപിച്ചു. 'ഡൽഹിയിലെ ജനങ്ങൾക്ക് അദ്ദേഹം നല്ല ഭാവി നൽകി. ഇന്ന് നമ്മൾ ഹാപ്പിയാണ്. ഇതേ വഴിയിലൂടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പുറത്തുവരുന്നത് കാത്തിരിക്കുകയാണ് നമ്മൾ. ഡൽഹിയിലെ ജനങ്ങളുടെ വിജയമാണ് ഇത്'; അതിഷി പറഞ്ഞു.
2023 ഫെബ്രുവരി 23 മുതല് ജയിലിലാണ് മനീഷ് സിസോദിയ. സിബിഐ, ഇ ഡി കേസുകളിലാണ് ജാമ്യം ലഭിച്ചത്. അഡീഷണല് സോളിസിറ്ററിന്റെ വാദങ്ങളില് പരസ്പര വൈരുദ്ധ്യമെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. ജൂലൈ മൂന്നിന് നല്കിയ കുറ്റപത്രത്തിന് മുന്പ് വിചാരണ ആരംഭിക്കുന്നതെങ്ങനെയാണെന്ന് ചോദിച്ച കോടതി അനിശ്ചിത കാലത്തേക്ക് മനീഷ് സിസോദിയയെ ജയിലില് അടയ്ക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി. മനീഷ് സിസോദിയ തെളിവ് നശിപ്പിക്കാന് സാധ്യയുണ്ടെന്ന എതിർഭാഗം വാദം സുപ്രീം കോടതി തള്ളി. ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപവത്കരിച്ചത് സിസോദിയയാണെന്നുമാണ് അറസ്റ്റിന് കാരണമായ കേസ്.
 
                        
                        