മഹാരാഷ്ട്രയിൽ കോൺഗ്രസിന് വന് തിരിച്ചടി; ചവാന് പിന്നാലെ നിരവധി എംഎൽഎമാർ രാജിവച്ചേക്കും

18 ഓളം എംഎൽഎമാർ രാജിവക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്

dot image

മുംബൈ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാന് പിന്നാലെ നിരവധി എംഎൽഎമാർ കോൺഗ്രസിൽ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോർട്ട്. ചവാന് തൊട്ടുപിന്നാലെ മുൻ നിയമനിർമ്മാണ കൗൺസിൽ അംഗമായിരുന്ന അമർനാഥ് രാജൂർക്കർ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. അതിന് പിന്നാലെയാണ് 18 ഓളം എംഎൽഎമാർ രാജിവക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്.

നന്ദേഡിൽ നിന്നുള്ള ജിതേഷ് അന്തപുർകർ, മോഹൻ ഹംബാർഡെ, മാധവ്റാവു പവാർ, ലാത്തൂരിൽ നിന്നുള്ള അമിത് ദേശ്മുഖ്, ധീരജ് ദേശ്മുഖ്, വിജയ് വഡേത്തിവാർ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായി കേൾക്കുന്നത്. ഒപ്പം ബാബ സിദ്ദിഖിൻ്റെ മകൻ സീഷൻ സിദ്ദിഖും അസ്ലം ഷെയ്ഖും എൻസിപിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ വഡേത്തിവാർ, ഷെയ്ഖ്, അമിൻ പട്ടേൽ എന്നിവർ ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.

ചവാന്റെ രാജിക്ക് പിന്നാലെ കോൺഗ്രസ് എല്ലാ എംഎൽഎമാരുടെയും യോഗം വിളിച്ചിരുന്നു. ബാലാസാഹേബ് തോറാട്ട്, പൃഥ്വിരാജ് ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാ നിയമസഭാംഗങ്ങളുമായും സംസാരിക്കുകയും, തങ്ങൾ പാർട്ടിക്കൊപ്പമാണെന്ന് എല്ലാവരും ഉറപ്പ് നൽകിയതായി അവകാശപ്പെടുകയും ചെയ്തു. 'അവരിൽ ഒരാൾ പോലും എവിടെയും പോകില്ല. ബിജെപി തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതാണ്,' മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പറഞ്ഞു.

മഹാഭാരതവും രാമായണവും സാങ്കൽപ്പികമെന്ന് പഠിപ്പിച്ചു; കർണാടകയിൽ അധ്യാപികയെ പിരിച്ചുവിട്ടു

കഴിഞ്ഞ ദിവസമാണ് അശോക് ചവാന് കോണ്ഗ്രസില് നിന്ന് രാജിവച്ചത്. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകൾ മൂലമാണ് ചവാൻ പാർട്ടി വിട്ടത്. മിലിന്ദ് ദേവ്റയുടെയും ബാബ സിദ്ദിഖിൻ്റെയും കൂറുമാറ്റത്തിന് ശേഷം കോൺഗ്രസിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് ചവാന്റെ രാജിയെ വിലയിരുത്തപ്പെടുന്നത്. ചവാൻ ഈ മാസം 15 ന് ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്.

dot image
To advertise here,contact us
dot image