മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയ സംഭവം; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ കസ്റ്റഡിയില്‍

കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസ് ഇന്നലെ കേസെടുത്തിരുന്നു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയ സംഭവം; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ കസ്റ്റഡിയില്‍
dot image

തിരുവനന്തപുരം: ചേന്തിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ കസ്റ്റഡിയില്‍. കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ശ്രീകാര്യം പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ വഴിയില്‍ തടയല്‍, അസഭ്യം പറച്ചില്‍, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യയമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായിപെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തത്. സ്ഥലത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയുള്‍പ്പടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നാണ് അനിലിന്റെ വിശദീകരണം.

മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായാണെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്നും
പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന വിവരം നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വി ഡി സതീശനെ അനുകൂലിക്കുന്നവര്‍ ചേന്തി അനിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിസിസിയോട് ഇന്ന് ആവശ്യപ്പെട്ടേക്കും. നേരത്തെ പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശനെ തടഞ്ഞുവെന്നതിന്റെ പേരില്‍ കെപിസിസി സെക്രട്ടറി ലത്തീഫിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.

ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.

മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ചേന്തി അനില്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ തീയതി എടുത്തതാണെന്നും അവസാന നിമിഷം വരെ വരുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഉള്ളൂരില്‍ കല്യാണത്തിന് പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രി മോശമായി സംസാരിച്ചു. സംഘാടകര്‍ക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയെന്നും ചേന്തി അനില്‍ പറഞ്ഞിരുന്നു.

Content Highlights: Congress leader Chenthi Anil was taken into custody after allegedly stopping the Chief Minister's vehicle during an incident

dot image
To advertise here,contact us
dot image