'പറഞ്ഞത് എന്റെ അഭിപ്രായം, പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ല'; വിമർശനത്തിൽ ഉറച്ച് വി കെ ശ്രീരാമൻ

കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം കലാരൂപം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്

'പറഞ്ഞത് എന്റെ അഭിപ്രായം, പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ല'; വിമർശനത്തിൽ ഉറച്ച് വി കെ ശ്രീരാമൻ
dot image

കൊച്ചി: കണ്ടാല്‍ ഓക്കാനം വരുന്ന കലാവൈകൃതമാണ് പുലിക്കളിയെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി നടനും എഴുത്തുകാരനുമായി വി കെ ശ്രീരാമന്‍. പുലിക്കളിയെ ഒരു കലാരൂപമായി കാണാന്‍ കഴിയില്ലെന്നും പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും വി കെ ശ്രീരാമന്‍ പ്രതികരിച്ചു. ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും വീണ്ടും കാണാന്‍ തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള നാട്ടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുലിക്കളിക്കെതിരായ നടന്‍ വി കെ ശ്രീരാമന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം കലാരൂപം ലോകത്ത് ഒരിടത്തുമില്ലെന്നായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്.

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെന്ന് തുടങ്ങിയ പരാമര്‍ശങ്ങളാണ് വി കെ ശ്രീരാമന്‍ പുലിക്കളിക്കെതിരെ നടത്തിയത്. പരാമര്‍ശത്തിനെതിരെ പുലിക്കളി സംഘങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വി കെ ശ്രീരാമന്റേത് ബോഡി ഷെയ്മിങാണെന്നും ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിക്കണമെന്നും പുലിക്കളി സംഘങ്ങള്‍ പ്രതികരിച്ചു. ഒരിക്കല്‍ മാത്രമാണ് പുലിക്കളി കണ്ടതെന്ന് പറയുന്ന ശ്രീരാമന്‍ ഇത്തവണത്തെ പുലികളി നേരിട്ട് കണ്ട് അഭിപ്രായം മാറ്റി പറയണമെന്നും പോസ്റ്റ് പിന്‍വലിക്കണമെന്നും സംഘങ്ങള്‍ ആവശ്യപെട്ടിട്ടുണ്ട്.

പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണ്. സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ചോദ്യം ഉയര്‍ന്നു. കഥാപാത്രത്തിന് വേണ്ടി തടി കൂട്ടുകയും കുറക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? ഏറ്റവും മോശം ഡ്രസും ധരിച്ച് ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് എന്താണ് തോന്നുന്നതെന്നും ചോദ്യമുണ്ട്. ആണിനും പെണ്ണിനും രൂപഭംഗി ഇല്ലാത്തത് തന്നെയാണ്, പിന്നെ കലയ്ക്ക് വേണ്ടി ആഭാസം എന്നൊന്നും പറയരുത് കുറേ മനുഷ്യരുടെ ജീവിതമാണ്. കുറേ മനുഷ്യരുടെ കാത്തിരിപ്പാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെ'ന്നുമായിരുന്നു പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ച് ശ്രീരാമന്‍ വിമര്‍ശിച്ചത്. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ലെന്നും ശ്രീരാമന്‍ പറയുന്നുണ്ട്. 'പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം ' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്. അതാണൊരാശ്വാസം', എന്നായിരുന്നു വി കെ ശ്രീരാമന്റെ പോസ്റ്റ്.

Content Highlights: Actor and writer VK Sriraman has stood by his remarks that Pulikali cannot be considered an art form. Responding to the criticism, he clarified that the statement was his personal opinion and reiterated his position on the traditional performance

dot image
To advertise here,contact us
dot image