

കോഴിക്കോട്: ജില്ലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പതിച്ചു. 'ആറില്‍ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്നും കോഴിക്കോട് തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത്' എന്നുമാണ് പോസ്റ്ററിലെ വാചകങ്ങള്‍.
നേരത്തെ കോഴിക്കോട് ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ഇല്ലാത്തതില്‍ പ്രതിഷേധവുമായി ഐഎന്‍ടിയുസിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ജയന്തും ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. പാറക്കല്‍ അബ്ദുള്ളക്ക് രണ്ടാം ടേമില്‍ മന്ത്രിയാകാം.
തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച വിജയമാണ് കോഴിക്കോട് നിന്ന് യുഡിഎഫിന് ലഭിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാത്ത ജില്ലയില്‍ ഇത്തവണ 13 സീറ്റില്‍ 12 സീറ്റിലും യുഡിഎഫ് ജയിക്കുകയായിരുന്നു. അഞ്ച് കോണ്‍ഗ്രസ് പ്രതിനിധികളും ആറ് ലീഗ് പ്രതിനിധികളും ഒരു സ്വതന്ത്രനുമാണ് കോഴിക്കോട് നിന്ന് വിജയിച്ചത്.
അതേസമയം വി ഡി സതീശന്‍ മുഖ്യമന്ത്രിയായും മറ്റ് 20മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.
Content Highlights: Protest at Kozhikode Muslim League house for denying district in ministers list