

രാജാക്കാട്: കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില്‍ ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്‍മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്‍മോഹന്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ശാന്തിയെ ജഗന്‍മോഹന്‍ കാണുകയായിരുന്നു. തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല.
എന്നാല്‍ കഴുത്തില്‍ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശാന്തിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.
ഇതിനിടെ രാമകൃഷ്ണന്‍ വീട്ടില്‍ വന്നതായി ശാന്തി പറഞ്ഞതായി ജഗന്‍മോഹന്‍ പൊലീസിനോട് പറഞ്ഞു. തിങ്കഴാഴ്ച താന്‍ ഇല്ലാത്ത സമയം രാമകൃഷ്ണന്‍ വീട്ടില്‍ വന്നിരുന്നുവെന്നും ആണി ചോദിച്ചിരുന്നുവെന്നും ജഗന്‍മോഹന്‍ പറഞ്ഞു. താന്‍ വന്ന ശേഷം ആണി കൊടുത്താല്‍ മതിയെന്ന് പറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ എത്തിയപ്പോള്‍ ശാന്തിയെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ജനന്‍മോഹന്‍ പറഞ്ഞു. സംശയം തോന്നിയ പൊലീസ് രാമകൃഷ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതോടെ രാമകൃഷ്ണന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlights- A woman’s death initially believed to be due to collapsing was later confirmed as murder through a postmortem examination