പാണ്ഡ്യ പുറത്തുതന്നെ; ആര്‍സിബിക്കെതിരായ മത്സരത്തിന് താരമില്ല, റായ്പൂരിലേക്ക് പോയില്ലെന്ന് റിപ്പോര്‍ട്ട്

പരിക്കിനെത്തുടര്‍ന്നാണ് താരം ടീമിനൊപ്പം റായ്പൂരിലേക്ക് പോകാത്തതെന്ന് സൂചന

പാണ്ഡ്യ പുറത്തുതന്നെ; ആര്‍സിബിക്കെതിരായ മത്സരത്തിന് താരമില്ല, റായ്പൂരിലേക്ക് പോയില്ലെന്ന് റിപ്പോര്‍ട്ട്
dot image

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം ഫോമില്‍ ഏറെ പഴികേട്ടിരുന്നത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. എന്നാല്‍ താരം കഴിഞ്ഞ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ ടീം ലഖ്‌നൗവിനെ തോല്‍പ്പിക്കുകയും ചെയ്തു. ഇതോടെ ഇനിമുതല്‍ ഹാര്‍ദിക് വേണ്ടെന്ന് ആരാധകരും വ്യാപകമായി പറഞ്ഞിരുന്നു. ഇപ്പോഴിതാ, മുംബൈ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ റായ്പൂരില്‍ നടക്കുന്ന മുംബൈയുടെ അടുത്ത പോരാട്ടത്തിന് താരമുണ്ടാകില്ലെന്നാണ് സൂചന. മത്സരത്തിനായി മുംബൈ ഇന്ത്യന്‍സ് റായ്പൂരിലേക്കു പോയെങ്കിലും, ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. റായ്പുരിലേക്ക് ടീമിനൊപ്പമുള്ള യാത്ര പാണ്ഡ്യ ഒഴിവാക്കി. എന്നാല്‍, പരുക്കുണ്ടെങ്കിലും ആര്‍സിബിക്കെതിരായ മത്സരത്തില്‍ പാണ്ഡ്യ കളിക്കുമെന്നാണു സൂചന.

കഴിഞ്ഞദിവസമാണ് ടീം റായ്പൂരിലേക്ക് പറന്നത്. മുംബൈ വിമാനത്താവളത്തില്‍ യാത്രയ്‌ക്കെത്തിയ താരങ്ങളില്‍ പാണ്ഡ്യയുണ്ടായിരുന്നില്ല. സീസണില്‍ മുംബൈയ്ക്കായി എട്ടു മത്സരങ്ങള്‍ കളിച്ച പാണ്ഡ്യ, 146 റണ്‍സ് മാത്രമാണ് ഇതുവരെ നേടിയത്. ബൗളിങ്ങിലും പാണ്ഡ്യയ്ക്കു തിളങ്ങാനായിട്ടില്ല. തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ടീമിലെ സൂപ്പര്‍ താരങ്ങളും വിമര്‍ശനവുമായെത്തി. ലഖ്‌നൗവിനെതിരായ മത്സരത്തിനു ശേഷം പാണ്ഡ്യയുടെ പരുക്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഒന്നും അറിയില്ലെന്നായിരുന്നു മുംബൈ താരം റയാന്‍ റിക്കിള്‍ട്ടനിന്റെ മറുപടി. 'പാണ്ഡ്യ എന്നു തിരിച്ചുവരുമെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് നടുവേദനയുണ്ടെന്ന വിവരം മാത്രമാണ് എനിക്കു ലഭിച്ചത്. അദ്ദേഹത്തിന്റെ അസുഖം മാറിയോ, പരുക്കിന്റെ ഗൗരവം എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങളൊന്നും അറിയില്ല. റായ്പുരില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണു കരുതുന്നത്'- റയാന്‍ റിക്കിള്‍ട്ടന്‍ പറഞ്ഞു.

പത്ത് മത്സരങ്ങളില്‍നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനത്താണ്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈയ്ക്കു കഴിയില്ല.

content highlights: Pandya stays out; star to miss match against RCB, reports say he did not travel to Raipur

dot image
To advertise here,contact us
dot image